ഭൂമിക്ക് അഭിമുഖമായി കാണപ്പെട്ട സൂര്യ കളങ്കം കേവലം 24 മണിക്കൂറിനുള്ളിൽ ഇരട്ടി വലിപ്പം ആർജ്ജിച്ചതോടെ ആശങ്ക വർദ്ധിക്കുകയാണ്. സമീപ ഭാവിയിൽ തന്നെ ഇടത്തരം വിഭാഗത്തിൽ പെട്ട സൗരജ്വാലകൾ ഇതിൽ നിന്നും പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എ ആർ 3038 എന്നാണ് ഈ സൂര്യകളങ്കത്തിന് പേരിട്ടിരിക്കുന്നത്.

സൂര്യനെ പോലുള്ള നക്ഷത്രങ്ങളിലെ ഇരുണ്ടതും, സമീപ പ്രദേശങ്ങളേക്കാൾ തണുത്തതുമായ ഭാഗങ്ങളേയാണ് സൂര്യകളങ്കം എന്ന് പറയുന്നത്. ഇത് സൂര്യന്റെ കാന്തിക മണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇണപിരിഞ്ഞ രൂപത്തിലുള്ള സൗര കാന്തിക മണ്ഡലത്തിലെ ഊർജ്ജം പെട്ടെന്ന് പുറത്തേക്ക് പൊട്ടിത്തെറിയുടെ രൂപത്തിൽ തള്ളപ്പെടുമ്പോഴാണ് സൗരജ്വാലകൾ സംഭവിക്കുക. ഇതിൽ ചാർജ്ജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്താൻ പോലും കഴിവുള്ളവയാണ്.

സ്പേസ് വെതർ ഡോട്ട് കോം എന്ന വെബ്സൈറ്റിലെ എഴുത്തുകാരനായ ടോണി ഫിലിപ്സാണ് സൂര്യകളങ്കത്തിന് വലിപ്പം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതിന് ഭൂമിയുടെ മൂന്നിരട്ടി വലിപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. എ ആർ 3038 എന്ന സൂര്യകളങ്കം ഭൂമിക്ക് നേരേ അഭിമുഖമാണെന്ന് മാത്രമല്ല, അതിൽ അസ്ഥിരതയുള്ള ബീറ്റ-ഗാമ കാന്തിക മണ്ഡലവുമുണ്ട്. ഭൂമീയിലെ റേഡിയോ തരംഗങ്ങളേയും ആശയവിനിമയ സിഗ്‌നലുകളേയും തകർക്കാൻ പോന്നത്ര ഊർജ്ജം അതിൽ അടങ്ങിയിരിക്കുന്നുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

സൂര്യനിൽ ഇരുണ്ടതും തണുത്തതുമായ ഭാഗങ്ങളാണ് സൂര്യകളങ്കങ്ങൾ. ഈ മേഖലയിൽ നിന്നാണ് സൗരജ്വാലകളും കൊറോണയിൽ നിന്നുള്ള പിണ്ഡ ഉത്സർജ്ജനവും നടക്കുക. ഇത് ഭൂമിക്ക് നേരേയുള്ള ദിശയിൽ പൊട്ടിത്തെറിച്ചാൽ അവ ഭൗമകാന്തിക കൊടുങ്കാറ്റുകൾക്ക് വഴിതെളിക്കും. അതിന്റെ ഫലമായി വളരെ മനോഹരങ്ങളായ പ്രഭാവലയങ്ങൾ സൃഷ്ടിക്കപ്പെടും എന്നുമാത്രമല്ല, ഈ കൊടുങ്കാറ്റുകൾ ഭൂമിയിലെ പവർഗ്രിഡുകൾക്കും കൃത്രിമോപഗ്രഹങ്ങൾക്കും അപകടമുണ്ടാക്കുകയും ചെയ്തേക്കാം.

ഇക്കഴിഞ്ഞ ഏപ്രിലിൽ സൂര്യനിൽ ഉണ്ടായ ഒരു പ്ലാസ്മ ഉത്സർജ്ജനത്തിൽ നിന്നും ഭൂമി കഷ്ടിക്കാണ് രക്ഷപ്പെട്ടത്. ഇപ്പോൾ സൂര്യനിൽ സജീവമായ പ്രവർത്തികൾ 11 വർഷക്കാലത്തെ സൗരചക്രത്തിന്റെ അവസാന ഘട്ടത്തിലേക്ക് സൂര്യൻ കടന്നതിന്റെ ഫലമായുള്ളതാണ്. ഈ പ്രവർത്തനങ്ങളുടെ മൂർദ്ധന്യാവസ്ഥ 2024-ൽ ആകും ദൃശ്യമാവുക. ഇപ്പോൾ നടക്കുന്ന സൗര പ്രവർത്തനങ്ങളുടെ തീവ്രത 11 വർഷങ്ങൾക്ക് മുൻപ് നടന്നതിന് സമാനമാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.