- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീന്തൽ മത്സരത്തിനിടെ പൂളിൽ ബോധരഹിതയായി; പൂളിന്റെ ആഴങ്ങളിൽ മരണത്തെ മുന്നിൽകണ്ട് യു.എസ് നീന്തൽ താരം; പൂളിലേക്ക് എടുത്ത് ചാടി താരത്തെ രക്ഷിച്ച് പരീശീലക
ബുദാപെസ്റ്റ്: ഫിന വേൾഡ് അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിനിടെ പൂളിൽ ബോധരഹിതയായി മരണത്തെ മുന്നിൽകണ്ട യു.എസ് നീന്തൽ താരത്തിന് രക്ഷകയായി സ്വന്തം പരിശീലക. ഹംഗറിയിലെ ബുദാപെസ്റ്റിൽ നടക്കുന്ന 2022 ഫിന വേൾഡ് അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബുധനാഴ്ച നടന്ന ഫൈനലിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ യു.എസ് നീന്തൽ താരം അനിറ്റ അൽവാരസ് ബോധരഹിതയായി പൂളിന്റെ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ അപകടം മണത്ത അനിറ്റയുടെ പരിശീലകയായ ആന്ദ്രേ ഫ്യുവെന്റസ് ഉടൻ തന്നെ പൂളിലേക്ക് എടുത്ത് ചാടി താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
അൽവാരസിനെ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റി. താരത്തിന് കുഴപ്പമൊന്നുമില്ലെന്നും ഹൃദയമിടിപ്പും ഓക്സിജന്റെ അളവും രക്തസമ്മർദവുമെല്ലാം സാധാരണ നിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
''അവൾ മുങ്ങുന്നത് കണ്ടപ്പോൾ തന്നെ ഞാൻ രക്ഷാപ്രവർത്തകരെ നോക്കി. പക്ഷേ അവരും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അതോടെ മറ്റൊന്നുമാലോചിക്കാതെ ഞാൻ ഉടൻ തന്നെ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഭാരമുണ്ടായിരുന്നതിനാൽ തന്നെ അവളെ വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരിക ഒട്ടും എളുപ്പമായിരുന്നില്ല. വെള്ളത്തിന് മുകളിലെത്തിച്ചപ്പോൾ അവൾക്ക് ശ്വാസമുണ്ടായിരുന്നില്ല. അതോടെ ഞാൻ ഭയപ്പെട്ടു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതിനാൽ അവൾക്ക് ശ്വസിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ വെള്ളം ഛർദ്ദിച്ച് കളഞ്ഞതോടെ ആശ്വാസമായി.'' - ആന്ദ്രേ ഫ്യുവെന്റസ് പ്രതികരിച്ചു.




