ചെന്നൈ: തമിഴ്‌നാട്ടിൽ സ്ഥാപിച്ച 600-ഓളം മൊബൈൽ ഫോൺ ടവറുകൾ കാണാനില്ലെന്ന പരാതിയുമായി മുംബൈ ആസ്ഥാനമായുള്ള ജി.ടി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി. കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ഫോൺ ടവറുകളാണ് കാണാതായിരിക്കുന്നത്. പ്രവർത്തനരഹിതമായിരുന്ന ടവറുകൾ കള്ളന്മാർ അഴിച്ചെടുത്തുകൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്‌നാട്ടിൽ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയിൽ കമ്പനിയുടെ റീജണൽ ഓഫീസും പ്രവർത്തിച്ചിരുന്നു. 2018-ൽ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവർത്തനവും നിലച്ചു.

പ്രവർത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗൺ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡിൽ വീണ്ടും മൊബൈൽ ഫോൺ ടവർ പരിശോധിക്കാൻ എത്തിയപ്പോഴാണ് ടവർ അപ്രത്യക്ഷമായിരിക്കുന്നത് കമ്പനി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസും കമ്പനിയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒരു ടവർ മാത്രമല്ല, ഏകദേശം അറുന്നൂറോളം ടവറുകൾ മോഷണം പോയതായി കണ്ടെത്തിയത്. ലോക്ഡൗൺ മുതലെടുത്ത് അജ്ഞാതസംഘം ഇതെല്ലാം കടത്തിക്കൊണ്ടുപോയെന്നാണ് കമ്പനി അധികൃതരുടെ പരാതി. ഒരു മൊബൈൽ ഫോൺ ടവറിന് ഏകദേശം 25 മുതൽ 40 ലക്ഷം രൂപ വരെ വിലവരുമെന്നും കോടികളുടെ മോഷണമാണ് നടന്നിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.