ലഖ്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ വിവാഹ ആഘോഷങ്ങളാണ് നടക്കാറുള്ളത്.ചിലപ്പോഴൊക്കെ ഇത്തരം ആഘോഷങ്ങൾ അതിരുകടക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും വരനും വധുവിനുമടക്കം പരിക്കേൽക്കുകയും മരണംവരെ സംഭവിക്കുന്നും വാർത്തകളാകാറുണ്ട്.

അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്ന് പുറത്തുവരുന്നത്. വിവാഹ വേളയിൽ ആഘോഷത്തിന്റെ ഭാഗമായി വരൻ വെടിയുതിർത്തതിനേത്തുടർന്ന് സുഹൃത്തുകൊല്ലപ്പെട്ട സംഭവമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. യുപിയിലെ സോൻഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം.

വരൻ മനീഷ് മധേശി വിവാഹ ആഘോഷങ്ങൾക്കിടെ വെടിയുതിർത്തതിനേത്തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ബാബു ലാൽ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രഥം പോലെ അലങ്കരിച്ച വേദിയിൽ മനീഷ് നിൽക്കുന്നതും ആളുകൾ ചുറ്റും കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആഘോഷങ്ങളുടെ ഭാഗമായി മനീഷ് വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സൈനികനായ ബാബുവിന്റേതായിരുന്നു മനീഷ് ഉപയോഗിച്ച തോക്ക്.

വരൻ മനീഷും കൊല്ലപ്പെട്ട ബാബു യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര എസ്‌പി പ്രതാപ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിടേറ്റയുടൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബാബുവിന്റെ കുടുംബം പരാതി നൽകിയതിനേത്തുടർന്ന് മനീഷിനെ അറസ്റ്റ് ചെയ്തു. തോക്ക് പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു.