ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കള്ളക്കളിയാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി വിരുദ്ധ സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും മല്ലികാർജ്ജുൻ ഖാർഗെയും ജയറാം രമേശും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

മഹാരാഷ്ട്ര സർക്കാരിനെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ മഹാ വികാസ് അഖാഡി സഖ്യം ഒരുമിച്ച് നിന്ന് പോരാടും. ബിജെപിയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്ഥിരതയുള്ള സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ശിവസേന അഘാഡി വിടുമെന്ന സഞ്ജയ് റാവത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് നേതാക്കൾ അറിയിച്ചു. എല്ലാത്തരം ചർച്ചകൾക്കും പാർട്ടി നേതൃത്വം തയ്യാറെന്നാണ് അദ്ദേഹം ശിവസേന എം എൽ എ മാരെ അറിയിച്ചത്. എംഎൽഎമാരുമായി ചർച്ച ചെയ്ത് ബാക്കി കാര്യങ്ങൾ തീരുമാനിക്കും. എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തണം എന്നാണ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടതെന്നും ഖാർഗെ പറഞ്ഞു.

അതിനിടെ മുന്നണി വിടുന്നത് പരിഗണിക്കാമെന്ന് സഞ്ജയ് റാവത്ത് വിമത എംഎൽഎമാരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. മുന്നണി മാറ്റം ആഗ്രഹിക്കുന്ന എംഎൽഎമാർ മുംബൈയിലെത്തി ചർച്ച നടത്തണം. വിമതർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്ന് റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് രണ്ട് എംഎൽഎമാർ പുറത്തിറങ്ങി. ഇവരിലൊരാൾ ശിവസേന എംഎൽഎയും മറ്റൊരാൾ സ്വതന്ത്ര എംഎൽഎയുമാണ്.