ന്യൂഡൽഹി; എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമ്മു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദ്രൗപദി മുർമ്മു ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തി. ഡൽഹി വിമാനത്താവളത്തിലെത്തിയ ദ്രൗപദി മുർമ്മുവിനെ കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ടെ, അർജുൻ റാം മെഹ്വാൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അടിസ്ഥാനവർഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്‌ച്ചപ്പാടുള്ള നേതാവാണ് മുർമ്മുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായേയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും ദ്രൗപദി മുർമ്മു കണ്ടു. ദ്രൗപതി മുർമ്മുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം അവിശ്വസിനീയമെന്ന് മകൾ ഇതിശ്രീ മുർമു ഒഡീഷയിൽ പറഞ്ഞു.

ഇന്നലെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ദ്രൗപദി മുർമ്മുവിന്റെ നാമനിർദേശ പത്രികയിൽ ബി ജെ ഡി മന്ത്രിമാരായ ജഗന്നാഥ് സരകയും തുകുനി സഹുവും ഒപ്പുവയ്ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പികുന്ന ചടങ്ങിലും ബി ജെ ഡി പങ്കെടുക്കും.