ർമ്മക്കുറവ്, ആശയക്കുഴപ്പം, ദിശാബോധം നഷ്ടപ്പെടൽ എന്നിവയാണ് അൽഷമേഴ്സ് രോഗത്തിന്റെ പൊതുവെ അറിയപ്പെടുന്ന ലക്ഷണങ്ങൾ. എന്നാൽ, വേറെയും ചില പെരുമാറ്റ രീതികൾ കൂടി ജീവിതം നശിപ്പിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളായി ഉണ്ടെന്ന് വ്യക്തമാക്കുകയാണ്. രോഗം വളരുന്നതിനു മുന്നോടിയായി ഇത്തരം പെരുമാറ്റ വൈകല്യങ്ങൾ പ്രത്യക്ഷപ്പെടുമത്രെ. വളിച്ച തമാശകൾ കണ്ട് ഉറക്കെയുറക്കെ ചിരിക്കുക, മുഷിഞ്ഞ വസ്ത്രം ധരിക്കുക തുടങ്ങിയവയൊക്കെ ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങളിൽ ഉൾപ്പെടും.

തികച്ചും അപരിചിതരായ വ്യക്തികൾക്ക് കൂടുതൽ പണം ഉദാരമനസ്‌കതയോടെ നൽകാൻ തയ്യാറാവുന്ന പ്രായമേറിയവരും ഈ രോഗത്തിന്റെ സാധ്യതാ പരിധിക്കുള്ളിലാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഗവേഷകർ പറയുന്നത്. നിലവിൽ ബ്രിട്ടനിൽ മാതം ഏകദേശം 8,50,000 പേർക്ക് ഈ രോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ അമേരിക്കയിൽ 5.8 മില്യൺ ആളുകള്ക്കും. വരുന്ന ദശാബ്ദങ്ങളിൽ ഇവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സാധാരണയായി പ്രായാധിക്യം ഉള്ളവരെയാണ് ഈ രോഗം ബാധിക്കുക. എന്നാൽ, അടുത്തകാലത്ത് നടന്ന പഠനം തെളിയിക്കുന്നത് പരിചയമില്ലാത്തവർക്ക്ഉദാരമായി പണം നൽകുന്നതും ഈ രോഗത്തിന്റെ ഒരു മുന്നറിയിപ്പ് ലക്ഷണമാണെന്നാണ്. അമിതമായ സാമ്പത്തിക ത്യാഗശീലം അൽഷമേഴ്സിനുള്ള മുന്നറിയിപ്പാണെന്നാണ് ഇസ്രയേലിലെ ബാർ-ഇലാൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നത്. 70 നോട് അടുത്ത് പ്രായമുള്ള 67 പേരിലായിരുന്നു അവർ പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയേയും അയാൾക്ക് തീർത്തും അപരിചതനായ മറ്റൊരു വ്യക്തിയുമൊത്ത് ഒരു മുറിയിൽ ആക്കുകയായിരുന്നു. 10 ഡോളറിന്റെ നോട്ട് നൽകി അത് മറ്റുള്ളവർക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനു മുൻപായി ഇവരുടെ ധാരണാ തലം മനസ്സിലാക്കുവാനും അൽഷമേഴ്സിനുള്ള സാധ്യത മനസ്സിലാക്കുവാനുമായി ന്യുറോളജിക്കൽ പരിശോധനകളും നടത്തിയിരുന്നു.ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് കൂടുതൽ പണം നൽകുവാൻ തയ്യാറായവർ ഒക്കെയും ധാരണാപരമായി മോശം തലത്തിലായിരുന്നു എന്നും അവർക്ക് അൽഷ്മേഴ്സിനുള്ള സാധ്യത കൂടുതലാണെന്നുമായിരുന്നു കണ്ടെത്തിയത്.

ജേർണൽ ഓഫ് അൽഷമേഴ്സ് ഡിസീസ് എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ മറ്റു ചില ലക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്. അതിലൊന്ന് നിലവാരമില്ലാത്ത തമാശകൾ കണ്ടാലും കേട്ടാലും പൊട്ടിച്ചിരിക്കുന്നതാണ്. അതുപോലെ മുഴിഞ്ഞ വസ്ത്രങ്ങൾ അണീയുവാനായിരിക്കും ഇവർ താത്പര്യപ്പെടുക. ഇത് മാത്രമല്ല, കാർ പാർക്കിങ് ചെയ്യുന്ന രീതിയിൽ പോലും അൽഷമേഴ്സ് രോഗം ഉണ്ടാകുവാനുള്ള സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകും എന്നും ഗവേഷകർ പറയുന്നു.

ഈ രോഗം ബാധിക്കുന്നവരുടെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയിരിക്കും. അതുകൊണ്ടു തന്നെ പാർക്കിങ് ശരിയായ രീതിയിൽ ആയിരിക്കില്ല. മാത്രമല്ല, പലപ്പോഴും പാർക്കിങ് ചെയ്ത ശേഷം താക്കോൾ കാറിനുള്ളിൽ തന്നെ മറന്നു വയ്ക്കുന്നതും ഇവരുടെ പതിവാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ മുൻപിൽ ആണയിടുന്നതും ഈ രോഗം വരുന്നു എന്നതിന്റെ സൂചനയാണത്രെ.