കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെ ലോകത്തുടനീളം ആക്ഷേപവും അക്രമവും കൊലപാതകവും തുടരുന്നവർക്ക് മതസൗഹാർദ്ദം പ്രസംഗിക്കുവാൻ അവകാശമില്ലെന്നും മനുഷ്യമനസ്സുകളിലാണ് സ്നേഹവും ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കേണ്ടതെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

ഇറാക്കും സിറിയയും ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലും നൈജീരിയ ഉൾപ്പെടുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളും ആക്രമിച്ച് നിഷ്ഠൂരമായി വിശ്വാസികളെ കൊന്നൊടുക്കുമ്പോൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശ്രമിക്കാത്തവരുടെ സൗഹാർദ്ദ പ്രഹസന പ്രസംഗങ്ങൾ പൊതുസമൂഹം മുഖവിലയ്ക്കെടുക്കില്ല.

വിശുദ്ധ മദർ തെരേസയും വിശുദ്ധ ദേവസഹായം പിള്ളയും ക്രൈസ്തവസമൂഹം വണങ്ങുന്ന വിശുദ്ധരാണെന്നിരിക്കെ അവരെ അവഹേളിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരാണ് രാജ്യത്ത് മതസൗഹാർദ്ദം തകർക്കുന്ന മറ്റൊരുകൂട്ടർ. ജനങ്ങളെ ഭിന്നിപ്പിച്ച് ഒരു മതത്തെയും അവരുടെ വിശ്വാസസത്യങ്ങളെയും ആക്ഷേപിക്കുന്നവരല്ല ക്രൈസ്തവർ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള ആക്ഷേപങ്ങൾ അതിരുകടക്കുമ്പോൾ ചില ഗ്രന്ഥങ്ങളിലെ ചരിത്രസത്യങ്ങൾ തുറന്നുപറയേണ്ടിവരും. മയക്കുമരുന്നിലൂടെയും മനുഷ്യക്കടത്തിലൂടെയും ആക്രമിച്ചും കൊലപ്പെടുത്തിയും വളരുന്ന മതമല്ല ക്രിസ്തുമതം. സ്നേഹത്തിന്റെ പങ്കുവെയ്ക്കലും നിസ്വാർത്ഥ സേവനത്തിന്റെ പ്രവർത്തനശൈലിയുമാണ് ക്രൈസ്തവീകതയുടെ അടിസ്ഥാനം. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കടന്നുവന്നിട്ടും കണ്ണുതുറക്കാത്തവർ അറബ് രാജ്യങ്ങളിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും വിശ്വാസം സ്വീകരിച്ച് സഭകളിലേയ്ക്ക് ഒഴുകിയെത്തുന്നവരുടെ കണക്കുകൾ അന്വേഷിച്ചറിയേണ്ടതാണ്. ചൈനയിലെ ക്രൈസ്തവ വളർച്ചയും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇതാവർത്തിക്കുന്നതിൽ വിളറിപൂണ്ടാണ് ചില സംസ്ഥാനങ്ങൾ മതപരിവർത്തന നിരോധന നിയമങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ക്രിസ്തുമതവിശ്വാസങ്ങളെ നിന്ദിച്ചും വിശുദ്ധരെ അവഹേളിച്ചും ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതിയും ഭിന്നതയും സൃഷ്ടിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാതെ സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്തുവാൻ എല്ലാ മതവിഭാഗങ്ങളും ഒരുമയോടും സ്വരുമയോടുംകൂടി പരിശ്രമിക്കണമെന്നും 2022 ഓഗസ്റ്റ് 14, 15 തീയതികളിൽ ഭാരതത്തിലുടനീളം ലെയ്റ്റി കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഭീകരതയ്ക്കെതിരെ സമാധാന പ്രതിജ്ഞയെടുക്കാൻ മതസൗഹാർദ്ദം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എല്ലാ മതവിഭാഗങ്ങളും മുന്നോട്ടുവരണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.