ന്യൂഡൽഹി: ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടി. തലസ്ഥാന നഗരയിൽ ചരക്ക് വാഹനങ്ങൾ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിന് വിലക്ക്. ഒക്ടോബർ ഒന്നു മുതൽ 2023 ഫെബ്രുവരി 28 വരെയാണ് ഇടത്തരം, വലിയ ചരക്ക് വാഹനങ്ങൾക്ക് കെജ്രിവാൾ സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

പഴം, പച്ചക്കറി, ധാന്യങ്ങൾ, പാൽ തുടങ്ങി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. ശീതകാലത്ത് ഡൽഹിയിൽ അന്തരീക്ഷമലിനീകരണം വർധിക്കുകയും വായുവിന്റെ ഗുണമേന്മ കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികളും ചരക്കുവാഹന ഉടമകളും രംഗത്തെത്തി. സർക്കാരിന്റെ ഈ തീരുമാനം വ്യാപാരരംഗത്ത് നഷ്ടമുണ്ടാക്കുമെന്നും മലിനീകരണം തടയാൻ സർക്കാർ മറ്റുമാർഗങ്ങൾ തേടണമെന്നും അവർ ആവശ്യപ്പെട്ടു.

ഒക്ടോബർ മുതൽ ഫെബ്രുവരിയുള്ള കാലയളവിൽ ഉത്സവങ്ങളും വിവാഹാഘോഷങ്ങളും കുടുതലായി നടക്കുന്നതിനാൽ ഇത്തരത്തിലുള്ള വിലക്ക് ഡൽഹിയിലെ വ്യാപാരമേഖലയെ തകർക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൽ പ്രതികരിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടുമെന്നും അദ്ദേഹം അറിയിച്ചു.

സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾ കൂടാതെ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഡീസൽ വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ല. ഡൽഹിയിൽ സിഎൻജി വാഹനങ്ങളുടെ എണ്ണം പരിമിതമാണെന്നും വലിപ്പം കുറവാണെന്നും വ്യാപാരികൾ പറയുന്നു. ഡൽഹിയിൽ പ്രവേശനം നിഷേധിക്കപ്പെട്ടാൽ വ്യാപാരത്തിനായി മറ്റിടങ്ങൾ തേടുമെന്നും അത് ഡൽഹിയുടെ വ്യാപാരമേഖലയെ തകിടം മറിക്കുമെന്നും ഡൽഹി ഗുഡ്സ് ട്രാൻസ്പോർട്ട് ഓർഗനൈസേഷൻ അംഗം രാജേന്ദ്ര കപൂർ പറഞ്ഞു.

പെട്രോൾ പമ്പുകളുടെ പ്രവർത്തനത്തെ വിലക്ക് സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി സർക്കാർ പുതിയ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ലഫ്റ്റനന്റ് ഗവർണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.