അടിമാലി: ആനക്കുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസിന്റെ മൃതദേഹം കണ്ടെത്തി. 29 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന റിസോർട്ടിന് മുന്നിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ക്രാസിൻ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബ സംഘവും നാട്ടുകാരും ഉൾപ്പെടുന്ന സംഘം ചൊവ്വാഴ്ച വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതെത്തുടർന്ന് ബന്ധുക്കൾ സമീപത്തുള്ള കുറത്തിക്കുടി ആദിവാസി കോളനിയിലെത്തി തിരച്ചിലിന് സഹായം തേടുകയായിരുന്നു. ഇതെത്തുടർന്ന് ഇവരിൽ 8 പേർ 4 പേർ വീതമുള്ള രണ്ട് സംഘങ്ങളായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെ കൂന്ത്രപ്പുഴ ഭാഗത്തെ വെള്ളക്കുത്തിന് താഴെ പാറക്കൂട്ടത്തിൽ തങ്ങിക്കിടക്കുന്ന നിലയിൽ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

പുഴയുടെ ഇരു കരകളിലുമായി കിലോമീറ്ററുകളോളം ദൂരത്തിൽ കൊടും വനമാണ്. അതുകൊണ്ടാണ് പ്രദേശത്തെക്കുറിച്ചറിയാവുന്ന ആദിവാസികളുടെ സഹായത്തോടെ തിരച്ചിൽ തുടരാൻ ക്രാസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. 9 അംഗ വിനോദയാത്ര സംഘത്തിലെ അംഗമായിരുന്നു ക്രാസിൻ.

ഇടക്കാലത്ത് ഗൾഫിലായിരുന്നു . നാട്ടിലെത്തിയ ശേഷം ഓൺലൈൻ വിൽപ്പന കേന്ദ്രത്തിന്റെ സെയിൽസ് വിഭാഗത്തിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാർ പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.