ന്യൂഡൽഹി: സുരക്ഷിതവും ലളിതവുമായ വിമാന യാത്രകൾക്കായി ഇലക്ട്രോണിക് പാസ്പോർട്ട് തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വ്യക്തികളുടെ വിവരങ്ങൾ മോഷ്ടിക്കുന്നത് തടയാൻ ഇലക്ട്രോണിക് പാസ്പോർട്ടിന് കഴിയുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. പാസ്പോർട്ട് സേവാ ദിവസത്തിലാണ് പ്രഖ്യാപനം.

പാസ്പോർട്ട് സേവാ ദിവസ് ആയി ആചരിക്കുന്ന ജൂൺ 24 ന് തന്നെ പൗരന്മാർക്കു വേണ്ടി ഇങ്ങനെ ഒരു സേവനം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകുന്നതിൽ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും പാസ്‌പോർട്ട് വിതരണ അഥോറിറ്റികൾ പരിപാടിയിൽ പങ്കെടുത്തു.

ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ഇക്കോസിസ്റ്റം ഉറപ്പാക്കാനും പൗരന്മാർക്ക് മെച്ചപ്പെട്ട പാസ്‌പോർട്ട് സേവനങ്ങൾ നൽകാനും പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ (പിഎസ്‌പി)മെച്ചപ്പെടുത്തിയതും നവീകരിച്ചതുമായ പിഎസ്‌പി വി2.0 പതിപ്പ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ്-ബോട്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി. പേപ്പർരഹിതമായി വിവരങ്ങൾ സൂക്ഷിക്കുന്ന ഡിജിലോക്കർ സംവിധാനം ഇ- പാസ്പോർട്ടുമായി ബന്ധിപ്പിക്കും.