മലപ്പുറം: ഇടംകാലിൽ പന്തുകൊരുത്ത് എതിർ പ്രതിരോധ നിരകളെ കീറിമുറിച്ച് മുന്നേറുന്ന അഞ്ചടി അഞ്ചിഞ്ചുകാരനായ ലയണൽ മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികന്റെ ജന്മദിനം ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ മെസ്സിയുടെ ജന്മദിനത്തിൽ മലപ്പുറത്തെ ആരാധകർ നടത്തിയ ആഘോഷം ഏറ്റെടുത്തിരിക്കുകയാണ് അർജന്റീന മാധ്യമങ്ങൾ.

സ്പാനിഷ് ഭാഷയിലുള്ള എൽ ഡെസ്റ്റോപ് എന്ന ഓൺലൈൻ മാധ്യമമാണ് ഇതിന്റെ വിഡിയോ പങ്കുവച്ച് വാർത്ത നൽകിയത്. ടിവൈസി സ്പോർട്സ് എന്ന മാധ്യമത്തിലും വാർത്ത വന്നിട്ടുണ്ട്. അരീക്കോട് പത്തനാപുരത്തെ മെസ്സി ആരാധകരുടെ കൂട്ടായ്മ വെള്ളിയാഴ്ച അർധരാത്രി വെടിക്കെട്ട് പശ്ചാത്തലത്തിൽ കേക്ക് മുറിച്ചു നടത്തിയ ആഘോഷമാണ് ഇഷ്ടതാരത്തിന്റെ നാട്ടിലും വൈറലായത്.

മെസ്സിയുടെ ജന്മദിനത്തിൽ ഇന്ത്യയിൽ നടന്ന ഉന്മാദാഘോഷം എന്ന തലക്കെട്ടോടെയാണ് വാർത്ത. 'സൗത്ത് ഇന്ത്യയിലെ കേരളത്തിൽ പത്തനാപുരത്ത് നടന്നതെ'ന്ന പരാമർശവും വാർത്തയിലുണ്ട്. ഇതിന്റെ ലിങ്കും വിഡിയോയും അവരുടെ സമൂഹ മാധ്യമ പേജുകളിലും പങ്കുവച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പേജിലിട്ട പോസ്റ്റിൽ മെസ്സി ഇതു കാണുമോയെന്ന അടിക്കുറിപ്പുണ്ട്. ഇൻസ്റ്റഗ്രാം വിഡിയോയും ആയിരങ്ങൾ കണ്ടിട്ടുണ്ട്. അർജന്റീനയിലെ സ്പോർട്സ് മാധ്യമമാണ് എൽ ഡെസ്റ്റോപ്.

 
 
 
View this post on Instagram

A post shared by El Destape (@eldestapeweb)

മെസ്സി ഫാൻസ് പത്തനാപുരം (എംഎഫ്പി) എന്ന പേരിലായിരുന്നു ആഘോഷം. മെസ്സിയുടെ ചിത്രം പതിച്ച കേക്കാണ് മുറിച്ചത്. മിനി കരിമരുന്നു പ്രയോഗവും കൂടിയായപ്പോൾ ആഘോഷം വർണാഭമായി. പത്തനാപുരം ടർഫിനു സമീപത്തുവച്ചായിരുന്നു ആഘോഷം. ഇതിന്റെ വിഡിയോ ഓൾ കേരള മെസ്സി ഫാൻസ് അസോസിയേഷൻ, ഓൾ കേരള അർജന്റീന ഫാൻസ് അസോസിയേഷൻ എന്നിവയുടെ പേജുകളിലും വന്നിരുന്നു. ഇതിൽ നിന്നാണ് അർജന്റീന മാധ്യമവും വിഡിയോ പങ്കിട്ടത്.

മെസ്സിയുടെ ജന്മദിനമായ വെള്ളിയാഴ്ച പകലും ആഘോഷം തുടർന്നതായി ആരാധകർ പറയുന്നു. പത്തനാപുരം ജിഎൽപി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് ബിരിയാണി വിതരണം ചെയ്തതായി ആഘോഷങ്ങൾക്കു നേതൃത്വം കൊടുത്ത കെ.മുഹമ്മദ് ഫാസിൽ പറഞ്ഞു. ഇതിനു പുറമേ മധുരവിതരണവും നടത്തി. മെസ്സി ആരാധകരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താറുണ്ടെന്നും ഫാസിൽ പറഞ്ഞു. കഴിഞ്ഞ ജന്മദിനം കീഴുപറമ്പ് കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രത്തിൽ അന്നദാനം നടത്തിയാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത്തിയഞ്ച് വർഷം മുമ്പ് അർജന്റീനയിലെ സാന്റാ ഫെ പ്രവിശ്യയിലെ റൊസാരിയോ പട്ടണത്തിൽ ജന്മം കൊണ്ട ആ സാധാരണ പയ്യന് ഫുട്ബോൾ ലോകത്തെ തന്റെ കാൽക്കീഴിൽ നിയന്ത്രിച്ച് നിർത്താനുള്ള കഴിവുണ്ടായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയാണ്. വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോണുകൾ ശരീരത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അപൂർവ ജനിതക രോഗം ബാധിച്ചിരുന്ന ഒരു ഒമ്പതര വയസുകാരന് ഫുട്ബോൾ കരിയറിൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് അവന്റെ മാതാപിതാക്കൾ പോലും കരുതിയിരുന്നില്ല.

എന്നാൽ കാൽപന്തുകളിയുടെ ലോകത്ത് വിസ്മയങ്ങൾ തീർത്ത് മുന്നേറുകയായിരുന്നു മെസി. റൊസാരിയോയിലെ 'ഗ്രാൻഡോലി' എന്നൊരു പ്രാദേശിക ക്ലബ്ബിനായാണ് മെസ്സി ആദ്യമായി കളത്തിലിറങ്ങുന്നത്. പിന്നീട് മെസ്സിയുടെ ജീവിതത്തിലേക്ക് ബാഴ്സലോണയെന്ന ക്ലബ്ബ് രംഗപ്രവേശം ചെയ്യുന്നത്. ജോസഫ് മരിയ മിൻഗ്വല്ല എന്ന സ്പോർട് ഏജന്റായിരുന്നു അതിന് വഴിവെച്ചത്. അക്കാലത്ത് ബാഴ്സയുടെ ടെക്നിക്കൽ ഡയറക്ടറായ ചാൾസ് റെക്സാച്ച് അങ്ങനെ ആ പ്രസിദ്ധമായ നാപ്കിൻ കരാറിലൂടെ കുഞ്ഞ് മെസ്സിയെ ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയുടെ ഭാഗമാക്കുന്നു.

16-ാം വയസിൽ ക്ലബ്ബിന്റെ സീനിയർ ടീമിൽ അംഗമായ മെസ്സി തിയറി ഒന്റ്രി, സാമുവൽ ഏറ്റൂ, റൊണാൾഡീഞ്ഞോ എന്നിവർക്കൊപ്പം ബാഴ്സയുടെ നേട്ടങ്ങളിൽ പങ്കാളിയായി. പെപ് ഗ്വാർഡിയോള ബാഴ്സയുടെ പരിശീലകനായി എത്തുന്നതോടെ മെസ്സിയുടെ കരിയർ തന്നെ മാറിമറിയുന്നു. ബാഴ്സയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ 2008-09 സീസണിൽ എല്ലാ കോമ്പറ്റീഷനുകളിലുമായി ഒരു ക്ലബ്ബിന് സ്വന്തമാക്കാവുന്ന എല്ലാ കിരീടങ്ങളും ക്യാമ്പ് നൗവിലെത്തുന്നു.

ലാ ലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവയെല്ലാം ബാഴ്‌സയുടെ ഷെൽഫിൽ ഇടംനേടുന്നു. മെസ്സി - സാവി - ഇനിയെസ്റ്റ ത്രയം ലോക ഫുട്ബോളിലെ തന്നെ പകരംവെയ്ക്കാനില്ലാത്ത ശക്തിയാകുന്നു.

ബാഴ്‌സലോണ വിട്ട് പി എസ് ജിയിൽ എത്തിയെങ്കിലും മെസിയുടെ കളി മികവിനോ, ആരാധക വൃന്ദത്തിനോ ഒരു കുറവും വന്നിട്ടില്ല. ഖത്തർ ലോകകപ്പിനുള്ള മുന്നൊരുക്കത്തിലേക്ക് അർജന്റീന തയ്യാറെടുക്കുമ്പോഴും മെസി തന്നെയാണ് ടീമിന്റെ നിർണായക ഘടകം

നേട്ടങ്ങളുടെ കൊടുമുടി കയറുമ്പോഴും ഇന്നും ഒരു ലോക കിരീടമെന്ന സ്വപ്നം അദ്ദേഹത്തിന് ബാക്കിനിൽക്കുന്നു. 150 ദിവസങ്ങൾക്കപ്പുറം ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് കൊടിയേറുമ്പോൾ അയാളുടെ ലക്ഷ്യവും ആ കിരീടം തന്നെയായിരിക്കും. ആരാധകരും കാത്തിരിക്കുകയാണ് വീണ്ടുമൊരു മെസ്സി മാജിക്കിനായി.