മിസിസിപ്പി: 2014 സെപ്റ്റംബർ 24ന് ജോർജ് കൗണ്ടി റീജിയണൽ കറക്ഷണൽ ഫെസിലിറ്റിയിൽ മരിച്ച വില്യം ജോയൽ ഡിക്സന്റെ കുടുംബത്തിന് 2.7 മില്യൻ ഡോളർ നൽകുന്നതിന് ധാരണയായി. മരിക്കുന്നതിന് മുൻപുള്ള ഏഴു ദിവസങ്ങളിൽ, പ്രമേഹ രോഗിയായിരുന്ന വില്യമിനു ഇൻസുലിൻ നിഷേധിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വില്യമിന് ആവശ്യമായ ഇൻസുലിൻ മാതാവ് ജയിലധികൃതരെ ഏൽപിച്ചിരുന്നുവെങ്കിലും നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് ജയിലിലെ മുൻ നഴ്സിന് 15 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു.

ഇൻസുലിനുവേണ്ടി വില്യം ജയിലധികൃതരുടെ മുന്നിൽ യാചിച്ചെങ്കിലും അധികൃതർ അത് തള്ളികളയുകയും മയക്കുമരുന്നു ലഭിക്കാത്തതാണ് വില്യംമിന്റെ ക്ഷീണത്തിനു കാരണമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

മകന്റെ മരണത്തിന് ഉത്തരവാദികൾ ജയിലധികൃതരാണെന്ന് ചൂണ്ടികാട്ടി അമ്മ പരാതി നൽകിയരുന്നു. ഈ കേസിലാണ് ജോർജ് കൗണ്ടി അധികൃതർ ഒത്തുതീർപ്പിന് തയാറായത്. ജോർജ് കൗണ്ടി സൂപ്പർ വൈസറാണ് തുക നൽകുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോർജ് കൗണ്ടി അധികൃതർ വില്യമിന്റെ കുടുംബത്തോടു മാപ്പ് പറയണമെന്നും ഒത്തുതീർപ്പു വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നു.