തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ഭരണഹുങ്കിന്റെ മറവിൽ ബഫർസോൺ വിഷയത്തിന്റെ പേരിൽ രാഹുൽഗാന്ധി ഓഫീസ് അന്യായമായി ആക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ ഷഫീഖ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പൊലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എംപിയുടെ ഓഫീസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത രീതി തികച്ചും അപലപനീയമാണ്. സിപിഎമ്മിന്റെ അറിവോടെയാണ് എസ്എഫ്‌ഐയുടെ ഗുണ്ടാ വിളയാട്ടം നടന്നതെന്ന് ബോധ്യപ്പെടുന്ന സമീപനമാണ് സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് ആക്രമണത്തെ ന്യായീകരിക്കുന്നതാണ്.

ആർഎസ്എസ് ഭരണകൂടം വേട്ടയാടാൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിലൂടെ എന്ത് സന്ദേശമാണ് എസ്എഫ്‌ഐ നൽകാൻ ഉദ്ദേശിക്കുന്നത്. കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐ നടത്തിവരുന്ന ഗുണ്ടാ രാഷ്ട്രീയം പൊതു സമൂഹത്തിലേക്ക് വ്യാപിപിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഫാസിസ്റ്റ് സമീപനങ്ങൾ കേരളത്തിൽ സ്വീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കിൽ ത്രിപുരയും ബംഗാളും ആവർത്തിക്കാൻ മാത്രമായിരിക്കും അത് ഉപകരിക്കുക. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് കേരളത്തിൽ സുരക്ഷ നൽകാൻ ഭരണകൂടത്തിന് കഴിയാതെ പോകുന്നത് പിണറായിയും മോദിയും തമ്മിലുള്ള ധാരണയുടെ പുറത്താണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എസ്എഫ്‌ഐയുടെ ഗുണ്ടാ അക്രമത്തിനെതിരെ സംസ്ഥാനത്ത് ജനാധിപത്യപരമായ പ്രതിഷേധങ്ങളാണ് രൂപപ്പെടേണ്ടത്. സംസ്ഥാനത്ത് സമാധാനന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.