കൽപ്പറ്റ: എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിൽ കൽപ്പറ്റയിൽ പ്രതിഷേധം കത്തുന്നു. കൽപ്പറ്റയിൽ കൂറ്റൻ പ്രതിഷേധ പ്രകടനം കോൺഗ്രസ് സംഘടിപ്പിച്ചു. കെ.സി. വേണുഗോപാൽ, എംപിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, രമ്യാ ഹരിദാസ്, ടി സിദ്ദിഖ് എംഎൽഎ, വി.ടി ബൽറാം തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

പിണറായിയും കൂട്ടരും അക്രമം നിർത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. വയനാട് ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം കൽപ്പറ്റ നഗരത്തിലേക്കാണ് പോകുന്നത്. കൽപ്പറ്റയിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കും. പ്രവർത്തകർ സ്വയം നിയന്ത്രിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് നേതാക്കൾ നിരന്തരം നിർദ്ദേശം നൽകുന്നുണ്ട്.

സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസും പ്രവർത്തകരും തമ്മിൽ ചിലയിടത്ത് വെച്ച് ഉന്തും തള്ളുമുണ്ടായി. ഒരു ഘട്ടത്തിൽ പൊലീസിനെ കൈയേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കൽപ്പറ്റ ജംഗ്ഷൻ പരിസരത്ത് വെച്ചും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പെടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാൽ നേരിടാൻ കനത്ത പൊലീസ് സന്നാഹത്തേയും വിന്യസിച്ചിട്ടുണ്ട്. എന്നാൽ പൊലീസിനെ ഒരുവിധത്തിലും പ്രകടനത്തിനിടയിലേക്ക് കടത്തി വിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. പൊലീസ് ഒരുവിധത്തിലും കോൺഗ്രസ് പ്രവർത്തകരെ നിയന്ത്രിക്കേണ്ട എന്ന വാദമാണ് നേതാക്കൾ ഉയർത്തുന്നത്.

ബഫർ സോൺ വിഷയത്തിൽ രാഹുൽഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. ഓഫീസിൽ അതിക്രമിച്ചുകയറിയ അമ്പതിലേറെ പ്രവർത്തകർ ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതാണ് രാജ്യമൊട്ടുക്കും കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.