അഗർത്തല:ഉഡാൻ പദ്ധതി പ്രകാരം അഗർത്തലയിൽ നിന്ന് കൈലാഷഹറിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ. ത്രിപുരയിലെ ഉനക്കോട്ടി ജില്ലയെയും വടക്കൻ ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ആലോചനകൾ നടക്കുന്നത്.

എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) കൈലാഷഹർ വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ പണി പൂർത്തീകരിച്ചിരുന്നു. എന്നാൽ റൺവേ 2018 ലെ പ്രളയത്തിൽ തകർന്നത്തോടെ സർവീസിന് അനുയോജ്യമല്ലെന്ന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൽ എച്ച് ഡാർലോങ് വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും കത്ത് ലഭിച്ചെന്നും പദ്ധതി അവലോകനം നടത്തുകയാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് കൂടി വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ഉഡാൻ പദ്ധതി. ത്രിപുര സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോട് വിമാനസർവീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉഡാൻ പദ്ധതി ആവിഷ്‌കരിക്കാൻ കേന്ദ്രതീരുമാനിച്ചത്.