ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സർക്കാർ രൂപീകരണത്തിന് നീക്കവുമായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഷിൻഡെ രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലാണ് ചർച്ച നടന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.

ഗുവാഹത്തിയിൽനിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ പങ്കെടുത്തെന്നു സൂചനയുണ്ട്. ചർച്ചയ്ക്കുശേഷം ഷിൻഡെ ഗുവാഹത്തിയിലേക്കു മടങ്ങി.

നാൽപതോളം എംഎൽഎമാരാണ് ഷിൻഡെയ്‌ക്കൊപ്പം ഗുവാഹത്തിയിലുള്ളത്. ഇവരിൽ ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർക്ക് മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടിസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകാനും മുംബൈയിലെത്താനുമാണ് നിർദ്ദേശം.

അതേ സമയം തങ്ങൾ ശിവസേന വിട്ടിട്ടില്ലെന്നും, പാർട്ടിക്കുള്ളിൽ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാഹബ് നേതാവ് ദീപക് കേസർകർ വ്യക്തമാക്കി. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിമതപക്ഷം രൂപീകരിച്ച 'ശിവസേന ബാലാസാഹേബിന്റെ' ഔദ്യോഗിക വക്താവായി ദീപക് കേസർകറിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. 'ഞങ്ങൾക്ക് അംഗീകാരം ലഭിക്കാത്ത പക്ഷം കോടതിയിൽ പോയി അംഗബലം തെളിയിക്കും. ബാൽ താക്കറെയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങൾ അദ്ദേഹത്തിന്റെ ആശയത്തിൽനിന്നു വ്യതിചലിക്കുന്നില്ല. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അനധികൃതമായ കാര്യങ്ങളും നടത്തിയിട്ടില്ല.'- കേസർകർ പറഞ്ഞു.

ശിവസേന വിമത സഖ്യം മറ്റു പാർട്ടികളുമായി ലയിക്കില്ല, അംഗബലവുമുണ്ട്. എങ്കിലും ഞങ്ങൾ ഉദ്ധവ് താക്കറെയെ ബഹുമാനിക്കുന്നെന്നും കേസർകർ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി അല്ലെന്നും കേസർകർ വ്യക്തമാക്കി.

ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിൻഡെ പക്ഷം ശിവസേന ബാലാസാഹബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിൻഡെയെ നേതാവായി ശിവസേന ബാലാസാഹബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

56 അംഗ ശിവസേന എം എൽ എമാരിൽ 38 പേരുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ളതിനാൽ, പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താലും അവരെ അയോഗ്യരാക്കാൻ കഴിയില്ല.

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം, ഏതൊരു സാമാജിക സംഘത്തിനും, പാർട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ, മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്യാവുന്നതാണ്.

അതേ സമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന ശിവസേനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ആറ് പ്രമേയങ്ങൾ പാസാക്കി. വിമതർക്കെതിരെ നടപടിയെടുക്കാൻ ഉദ്ധവിനു പൂർണ അധികാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രമേയമാണ് പാസാക്കിയത്. 'ശിവസേന ബാലാസാഹേബ്' എന്ന പുതിയ വിഭാഗം രൂപീകരിക്കാനുള്ള വിമതരുടെ തീരുമാനത്തെയും യോഗം എതിർത്തു. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചു.

അതേസമയം മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ വിമത എംഎൽഎമാരുടെ ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.താനെയിലും മുംബൈയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൂണെയിൽ വിമത എംഎൽഎ തനാജി സാവന്ദിന്റെ ഓഫീസ് കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അടിച്ചു തകർത്തു. വിമതരുടെ അനുഭവം ഇതായിരിക്കുമെന്ന് പൂണെ ശിവസേനാ അധ്യക്ഷൻ പറഞ്ഞു.

അക്രമസംഭവങ്ങൾ ഏറിയതോടെ പൊലീസിന് സർക്കാർ അതിജാഗ്രതാ നിർദ്ദേശം നൽകി. മുംബൈയിലും താനെയിലും പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. അതേസമയം വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ സർക്കാർ സർക്കാർ പ്രതികാര ബുദ്ധിയോടെ റദ്ദാക്കിയെന്ന് കാണിച്ച് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതി. എന്നാൽ അങ്ങനെ ആരുടേയും സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു.