- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തുണ്ടാക്കാൻ 42.90 ലക്ഷം; കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും; അയിന് നിങ്ങക്കെന്താ കൊങ്ങികളേ'; പൊതുമരാമത്ത് വകുപ്പ് ഉത്തരവിന്റെ കോപ്പി പങ്കുവെച്ച് വി ടി ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 42.90 ലക്ഷം രൂപ മുടക്കി കാലിത്തൊഴുത്തും നിർമ്മിക്കുന്നതിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട ഉത്തരവിന്റെ കോപ്പി പങ്കുവച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ചുറ്റുമുള്ള മതിൽ പുനർനിർമ്മാണത്തിനടക്കം തുക അനുവദിച്ചുള്ള ഉത്തരവിന്റെ കോപ്പി മുൻ എംഎൽഎ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പരോക്ഷ പരിഹാസവും കോൺഗ്രസ് നേതാവ് ഉന്നയിച്ചു.'കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും. അയിന് നിങ്ങക്കെന്താ കൊങ്ങികളേ' എന്ന കുറിപ്പോടെയാണ് ബൽറാമിന്റെ പോസ്റ്റ്. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ എസ്റ്റിമേറ്റിൽ ക്ലിഫ് ഹൗസിലെ കേടുപാടുള്ള മതിലും പശുത്തൊഴുത്ത് പണിയുന്നതിനുമായി 42.90 ലക്ഷം അനുവദിച്ചിരിക്കുന്നു എന്നാണുള്ളത്.
മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്/ പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ നാല് വാഹനങ്ങൾ കൂടി വാങ്ങുകയാണെന്ന വാർത്തയ്ക്ക് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു കിയ കാർണിവലുമാണ് വാങ്ങുന്നത്. നേരത്തെ വാങ്ങാൻ തീരുമാനിച്ച ടാറ്റ ഹാരിയറിന് പകരം കിയ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് ഡിജിപി നിർദ്ദേശിച്ചിരുന്നു. നാല് വാഹനങ്ങൾക്കും കൂടി 88,69,841 രൂപയാണ് വകയിരിത്തിയിരിക്കുന്നത്.
കിയ കാർണിവലിന് മാത്രം 33,31,000 രൂപയാണ് വില. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാതിരിക്കുകയും പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതത്തിൽ കുറവുവരുത്തുകയും ചെയ്യുന്ന സർക്കാർ ആഡംബരം കുറയ്ക്കുന്നില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ മതിലും തൊഴുത്തും പണിയാനുള്ള തുക അനുവദിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്.
പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണചുമതല. ചുറ്റുമതിൽ പുനർനിർമ്മിക്കാനും തൊഴുത്ത് നിർമ്മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മെയ് ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂൺ 22 നാണ് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കിയത്.
കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമ്മിക്കാൻ തീരുമാനമുണ്ടായത്.




