ന്യൂഡൽഹി: സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദിന്റെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് മനുഷ്യാവകാശ പ്രതിരോധത്തിന് വേണ്ടിയുള്ള യു.എന്നിന്റെ സ്പെഷ്യൽ റിപ്പോർട്ടർ മേരി ലോവർ. ''വിദ്വേഷത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്തയുടേത്. മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നത് ഒരു കുറ്റകൃത്യമല്ല. അവരെ വെറുതെവിടാനും ഇന്ത്യയിലെ ഭരണകൂടത്തിന്റെ വിചാരണ അവസാനിപ്പിക്കാനും ഞാൻ ആവശ്യപ്പെടുന്നു,'' മേരി ലോവർ ട്വിറ്ററിൽ കുറിച്ചു.

ശനിയാഴ്ചയായിരുന്നു മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയിൽ നിന്ന് ഗുജറാത്ത് പൊലീസിന്റെ ആന്റി ടെറർ സ്‌ക്വാഡ് ടീസ്തയെ അറസ്റ്റ് ചെയ്തത്. ഇവരെ അഹമ്മദാബാദിലേക്കാണ് കൊണ്ടുപോയത്. 2002ൽ നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയിൽ തെറ്റായ വിവരങ്ങൾ പൊലീസിന് ടീസ്ത നൽകിയെന്ന് അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ സമർപ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെയും സമാന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഗുജറാത്ത് വംശഹത്യ കേസിൽ കൃത്രിമമായി തെളിവുകളുണ്ടാക്കി എന്ന രീതിയിൽ മൂവർക്കുമെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.