കോഴിക്കോട് : ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ നേതാവ് ജിഷ്ണുവിനെതിരെ അരങ്ങേറിയ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ക്രൂര മർദ്ദനത്തിന് ശേഷം ഡിവൈഎഫ്‌ഐ നേതാവ് ജിഷ്ണുവിനെ വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒളിവിൽ പോയ എസ്ഡിപിഐ നേതാവ് സഫീർ ആണ്, ജിഷ്ണുവിന്റെ തല വെള്ളത്തിൽ മുക്കുന്നത്.

തല വെള്ളത്തിൽ മുക്കിയ ശേഷം ജിഷ്ണുവിനെ കൊണ്ട് ചിലരുടെ പേര് പറയിക്കാനാണ് ശ്രമം. പൊലീസാണ് വീഡിയോ പുറത്തുവിട്ടത്. കൃത്യമായ പരിശീലനം കിട്ടിയ ആളുകളാണ് കുറ്റക്യത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

ജിഷ്ണുവിനെ മണിക്കൂറുകളോളം അതി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഈ എസ്ഡിപിഐ പ്രവർത്തകരിലേക്ക് എത്താൻ പൊലീസിന് ഇതുവരെ ആയിട്ടില്ല. അക്രമം നടത്തിയ ശേഷം ഒളിവിൽ പോകുന്ന സ്ഥിരം ശൈലിയാണ് ഈ സംഭവത്തിലും ഉണ്ടായിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആറുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്.

ജിഷ്ണുവിനെ മർദിച്ച കേസിൽ ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ ഡിവൈഎഫ്‌ഐ വെട്ടിലായി. 29 പ്രതികൾ ഉള്ള കേസിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചത്.

എസ്ഡിപിഐ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞുനിർത്തി. ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തുവിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു.

രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.