ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഒരാഴ്ചയായി തുടരുന്നതിനിടെ അയോഗ്യത നീക്കത്തിനെതിരെ വിമതർ സുപ്രീം കോടതിയിലേക്ക്. ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎൽഎമാർ സുപ്രിം കോടതിയിൽ ഹർജി നൽകി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്തതാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. തനിക്കും 15 എംഎൽഎമാർക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്ദേ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.

ഞായറാഴ്ച വൈകീട്ട് 6.30-നാണ് ഷിന്ദേ ഹർജി ഫയൽ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്ദേയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നു.

ശിവസേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമാകുന്നത് വരെ അയോഗ്യത നോട്ടീസിന്മേലുള്ള തുടർ നടപടികൾ തടയണമെന്നും ഏക്നാഥ് ഷിന്ദേ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുവഹാട്ടിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ തമ്പടിച്ചിട്ടുള്ള വിമത എംഎൽഎമാരുടെ ഇന്ന് ചേർന്ന യോഗത്തിന് ശേഷമാണ് ഷിന്ദേ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിയമ നടപടികൾ പൂർത്തി ആയാൽ സർക്കാർ രൂപീകരിക്കുമെന്നാണ് ഷിന്ദേ എംഎൽഎമാരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം ഗുജറാത്തിലെത്തി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും വോഡദരയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.

അതിനിടെ, വിമത എം എൽ എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണർ കത്ത് നൽകി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണർക്കുമാണ് ഗവർണർ കത്തയച്ചത്. വിമതരെ പിളർത്താൻ ഉദ്ധവ് താക്കറേ പക്ഷം നീക്കം തുടരുന്നതിനിടെയാണ് നിർണാടക നീക്കം ഉണ്ടായിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി ഉദ്ധവ് പക്ഷം സമ്പർക്കം പുലർത്തുന്നുവെന്നു സൂചനകൾ പുറത്തുവന്നിരുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒൻപതാമത്തെ ശിവസേന മന്ത്രിയും ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി.

ഏക്‌നാഥ് ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്തു നിന്ന് നീക്കാനും ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയിരുന്നു. അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ് ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകി. ഷിൻഡെയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു.

വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ ബാക്കിയുള്ള മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. അതിനിടെ വിമത എംഎൽമാരിൽ ഒരാളുടെ പിറന്നാൾ ആഘോഷവും ഇന്ന് ഗുവാഹത്തിയിലെ ഹോട്ടലിൽ നടന്നു.

അതിനിടെ ഏക്നാഥ് ഷിന്ദെയുടെ നേതൃത്വത്തിലുള്ള വിമതർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന വക്താവുമായ സഞ്ജയ് റാവുത്ത് രംഗത്തെത്തി. വിമത എംഎൽഎമാരുടെ ആത്മാവ് മരിച്ചെന്നും അവരുടെ ശരീരം മാത്രമേ മുംബൈയിൽ തിരിച്ചെത്തുകയുള്ളൂവെന്നും റാവുത്ത് പറഞ്ഞു.

'ഗുവാഹട്ടിയിലുള്ള 40 എംഎൽഎമാർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചു. അവർ തിരിച്ചെത്തിയാൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് അവരുടെ ശരീരം നേരിട്ട് പോസ്റ്റുമോർട്ടത്തിനയക്കും. ഇപ്പോൾ ഇവിടെ കത്തുന്ന തീയിൽ എന്താണ് സംഭവിക്കുക എന്ന് അവർക്കറിയാം' സേനാ വക്താവ് പറഞ്ഞു.

ബാൽ താക്കറെയെ ഒറ്റിക്കൊടുക്കുന്നവർ തീർന്നെന്നും ഇനി മുതൽ ആരെ വിശ്വസിക്കണമെന്ന് നമ്മൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഗുവഹാട്ടി റാഡിസൺ ബ്ലൂവിൽ നിന്നുള്ള ചിത്രങ്ങൾ കാണുമ്പോൾ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ല. ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നത്. ആളുകൾ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതിൽ പകുതി പേർ പുറത്താകും. എത്രനാൾ നിങ്ങൾ ഗുജറാത്തിൽ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങൾ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങൾ പോലെയാണ് പലരും അവിടെ കഴിയുന്നത്' റാവുത്ത് പറഞ്ഞു. ഇതിനിടെ വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന യുവ നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു.