അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മലയാളിയായ ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെയും ജൂലായ് ഒന്ന് വരെ കസ്റ്റഡിയിൽ വിട്ടു. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ഇരുവരേയും റിമാൻഡ് ചെയ്തത്.

ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് പൊലീസ് ഇരുവരേയും ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തീസ്റ്റയെ മുംബൈയിൽ നിന്നും ശ്രീകുമാറിനെ ഗാന്ധിനഗറിലുള്ള വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയ സുപ്രീംകോടതി വിധിയിൽ ഇവർക്കെതിരായ പരാമർശങ്ങളെത്തുടർന്നായിരുന്നു അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ തീസ്തയ്ക്കെതിരേ വിമർശനമുന്നയിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ് കസ്റ്റഡിയിൽ തനിക്ക് മർദ്ദനമേറ്റെന്ന് തീസ്റ്റ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചു.

രാവിലെ വൈദ്യപരിശോധനയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് തീസ്ത കസ്റ്റഡി മർദ്ദനം ഉണ്ടായെന്ന് ആരോപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയെന്നും അപമര്യാദയായി പെരുമാറുകയും വാറന്റ് പോലും കാണിക്കാതെ ബലമായി പിടിച്ച് കൊണ്ടുപോവുകയായിരുന്നെന്നും മുംബൈ പൊലീസിൽ ഇന്നലെ പരാതി നൽകിയിട്ടുമുണ്ട്.

അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേനയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട് 1989ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.

ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കോടതി ടീസ്റ്റയെ റിമാൻഡ് ചെയ്തത്.