- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായം'; നാലാം വ്യാവസായിക വിപ്ലവത്തിന്റെ മുൻനിരയിൽ ഇന്ത്യയുണ്ടാകുമെന്നും ജർമനിയിൽ പ്രവാസികളോട് നരേന്ദ്ര മോദി
മ്യൂണിക്: ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. '47 കൊല്ലം മുൻപ് ജനാധിപത്യത്തെ തടങ്കലിലാക്കി അടിച്ചമർത്താൻ ശ്രമം നടന്നു. ഇന്ത്യയുടെ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് അടിയന്തിരാവസ്ഥ.' പ്രധാനമന്ത്രി പറഞ്ഞു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ മോദി, ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഓരോ ഇന്ത്യക്കാരന്റെയും ഡിഎൻഎ ആണ് ജനാധിപത്യം. ജനാധിപത്യത്തിന് എന്ത് നൽകാൻ കഴിയുമെന്നും എന്ത് നൽകിയെന്നും ഇന്ത്യ കാണിച്ച് തന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ അഭിമാനിക്കുന്നവനാണ് ഓരോ ഇന്ത്യക്കാരനും. സംസ്‌കാരം, ഭക്ഷണം, വസ്ത്രം, പാരമ്പര്യം വൈവിധ്യം എന്നിവയുടെ വൈവിധ്യം നമ്മുടെ ജനാധിപത്യത്തെ ഊർജസ്വലമാക്കുന്നു. അങ്ങനെയുള്ള ഉജ്ജ്വലമായ ജനാധിപത്യത്തിന്മേലേറ്റ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥ. ജനാധിപത്യത്തെ തച്ചുടച്ച് രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട ഓർമകൾക്ക് 47 വയസ്സായിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഇന്ന് രാജ്യം വികസനത്തിന്റെ പാതയിലാണ്. ലോകത്തിലെ മൂന്നാമത് സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിൽ വ്യാവസായിക വിപ്ലവത്തിന്റെ നേട്ടം കൊയ്തവരാണ് ജർമനി. അന്ന് അടിമത്തത്തിൽ പുതഞ്ഞുകിടക്കുകയായിരുന്നു ഇന്ത്യ. ഇന്ന് സ്ഥിതി മാറി. നാലാം വ്യാവസായിക വിപ്ലവത്തിന്റെ മുൻനിരയിൽ ഇന്ത്യയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിനേഷനിൽ ഇന്ത്യ വൻ നേട്ടം കൈവരിച്ചു. പതിനഞ്ച് വർഷം വേണ്ടി വരും വാക്‌സിനേഷൻ പൂർത്തിയാക്കാൻ എന്ന് പലരും പറഞ്ഞു. എന്നാൽ ഇപ്പോൾ 90 ശതമാനം പേരും വാക്‌സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞു. കോവിഡ് കാലത്ത് 80 കോടി പേർക്ക് ഇന്ത്യ സൗജന്യ റേഷൻ എത്തിച്ചു. ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വെളിയിട വിസർജന മുക്തമാണ്. 99 ശതമാനം ഗ്രാമങ്ങളിലും പാചകവാതകം എത്തി. ലോകത്ത് ഏറ്റവുമധികം മൊബൈൽ ഡേറ്റ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകാനും കഴിയുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും ബാങ്ക് അക്കൗണ്ടുള്ളവരാണ്. ലോകത്ത് നടക്കുന്ന ഡിജിറ്റൽ ട്രാൻസാക്ഷന്റെ 40 ശതമാനം ഇന്ത്യയിലാണെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലെത്തിയ പ്രധാനമന്ത്രിക്ക് മ്യൂണിക്കിൽ വൻ സ്വീകരണ വിരുന്നാണ് ഇന്ത്യൻ സമൂഹം ഒരുക്കിയത്. ഇന്ത്യയുടെ തനത് നൃത്തരൂപങ്ങളും കലാപരിപാടികളും മ്യൂണിക്കിൽ ഒരുക്കിയിരുന്നു. ദൂര സ്ഥലങ്ങളിൽ നിന്നും പലരും ഇവിടെ എത്തിയതായി മനസ്സിലാക്കുന്നുവെന്നും ഈ സ്‌നേഹം ഒരിക്കലും മറക്കില്ലെന്നും മോദി ജർമനിയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.
ഉച്ചകോടിയിൽ ശനിയാഴ്ച പ്രധാനമന്ത്രി സംസാരിക്കും. ജിഏഴ് ഉച്ചകോടി നടക്കുന്നത് സ്ലോസ് എൽമൗവിലെ ആൽപൈൻ കാസിലിൽ വച്ചാണ്. ജർമ്മൻ ചാൻസലറുടെ അതിഥിയായാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, അർജന്റീന, സെനഗൽ എന്നിവയാണ് മറ്റ് അതിഥി രാജ്യങ്ങൾ. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം, ഭീകരവാദം നേരിടുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പന്ത്രണ്ട് രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
റഷ്യക്കെതിരെ ജി ഏഴ് ഉച്ചകോടി ശക്തമായ നിലപാട് എടുത്തേക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാനുള്ള ചർച്ചയുണ്ടാകും എന്നാണ് സൂചന. എന്നാൽ ഇന്ത്യയുടെ ഊർജ സുരക്ഷ വിലയിരുത്തിയേ ഇക്കാര്യത്തിൽ നിലപാട് എടുക്കൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.




