ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയിൽ ഗർഭഛിദ്രത്തിന് അനുമതി നൽകിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വൻ പ്രതിഷേധം. ഡാലസിലും ഗർഭഛിദ്ര അനുകൂലികൾ വൻ പ്രകടനം നടത്തി. ഡാലസ് ഡൗൺടൗണിലെ മെയിൻ സ്ട്രീറ്റ് ഗാർഡനിലാണ് നാനൂറോളം പേർ ഒത്തു ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

സുപ്രിം കോടതി വിധിവരുന്നതിന് മുൻപ് തന്നെ ടെക്സസിൽ ഗർഭഛിദ്രം പൂർണമയും നിരോധിച്ചിരുന്നു. ഗർഭഛിദ്രം നടത്തുന്ന ക്ലിനിക്കുകളും അടച്ചു പൂട്ടിയിരുന്നു.

ജൂൺ ആദ്യവാരം ടെക്സസ് ഗവർണർ ഒപ്പുവച്ച ഗർഭനിരോധന നിയമത്തിൽ ഗർഭഛിദ്രത്തെ പ്രേരിപ്പിക്കുകയോ, ഗർഭഛിദ്രം നടത്തുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. ഡാളസിലെ പ്രകടത്തിൽ പങ്കെടുത്തവർ ഗവർണർ ഗ്രെഗ് ഏബട്ടിനെ വോട്ട് ചെയ്ത് പുറത്താക്കണമെന്നും ബെറ്റോ ഒ റൂർക്കയെ ഗവർണറായി തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.