മുംബൈ: സ്‌കൂട്ടർ മോഷണക്കേസുകളിൽ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഗിയർലെസ് സ്‌കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി മുംബൈ പൊലീസ്. മൽവാനി സ്വദേശിയായ ഷാഹിദ് ഷെയ്ഖി(30)നെയാണ് മുംബൈ സിറ്റി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് മൂന്ന് സ്‌കൂട്ടറുകളും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.

നഗരത്തിലെ സ്‌കൂട്ടർ മോഷണക്കേസുകളിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സ്ഥിരംമോഷ്ടാവായ ഷാഹിദ് ഷെയ്ഖ് കുടുങ്ങിയത്. അന്വേഷണത്തിനിടെ ഷാഹിദിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇയാളുടെ മൊബൈൽ നമ്പറും നിരീക്ഷിച്ചു. തുടർന്നാണ് കഴിഞ്ഞദിവസം മോഷ്ടിച്ച സ്‌കൂട്ടറുമായി പ്രതിയെ പൊലീസ് പിടികൂടിയത്.

ഗിയറുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ അറിയാത്തതിനാലാണ് ഗിയർലെസ് സ്‌കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നേരത്തെ ഒരു ആക്രമണ കേസിൽ ഷാഹിദിനെ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

ഈ കേസിൽ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഷാഹിദ് ജാമ്യത്തിലിറങ്ങിയത്. ഈ സുഹൃത്തിന് സമ്മാനിക്കാനായാണ് ഒരു സ്‌കൂട്ടർ മോഷ്ടിച്ചതെന്നും ഇത് സുഹൃത്തിന് സമ്മാനമായി കൈമാറിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.