ബംഗളുരു: ഉറ്റവരായ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒക്കെ ഒത്തുചേരലുകൾക്ക് വേദിയാകാറുണ്ട് മിക്ക വിവാഹ ചടങ്ങുകളും. ഒത്തൊരുമിച്ച് ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദം തിരതല്ലുന്ന നിമിഷങ്ങൾ. എന്നാൽ വളരെ വേണ്ടപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യതകളും ഈ നിമിഷങ്ങളിൽ ഓർമ്മിക്കപ്പെടാറുണ്ട്.

അത്തരമൊരു സാഹചര്യത്തെ നേരിടാൻ വിവാഹദിനത്തിൽ വധുവിന് സർപ്രൈസ് ഒരുക്കി നൽകുകയായിരുന്നു അവളുടെ സഹോദരൻ. പരേതനായ അച്ഛന്റെ ജീവൻ തുടിക്കുന്ന മെഴുകുപ്രതിമയാണ് സഹോദരൻ സമ്മാനിച്ചത്. ഇതുകണ്ട് വിവാഹപ്പന്തലിൽ ഒത്തുകൂടിയവർ ആശ്ചര്യപ്പെട്ടു. സഹോദരിയും അമ്മയും കണ്ണീരണിഞ്ഞു. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകളുടെ സ്നേഹചുംബനവും. ഇതിന്റെ വീഡിയോ യുട്യൂബിൽ ഇതുവരെ 79 ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്.

അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്‌മണ്യത്തിന്റെ പ്രതിമ സഹോദരിയുടെ വിവാഹ ദിനത്തിൽ വേദിയിലെത്തിച്ചത്. ഒരു വർഷത്തിൽ അധികം സമയമെടുത്താണ് ഈ പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്. കർണാടകയിലാണ് മെഴുകു പ്രതിമ തയ്യാറാക്കിയത്.

അവുല പാണിയുടെ അച്ഛനും അമ്മയും ബി.എസ്.എൻ.എൽ ജീവനക്കാരായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മകനൊപ്പം അമേരിക്കയിലായിരുന്നു താമസം. അവിടെവെച്ച് കോവിഡ് ബാധിച്ചാണ് സുബ്രഹ്‌മണ്യം മരിക്കുന്നത്. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു മരണം.

വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ സമയത്ത് സാഹോദരി ഏറ്റവുമധികം ആഗ്രഹിച്ചത് അച്ഛന്റെ സാമീപ്യമായിരുന്നു. ഓരോ കാര്യങ്ങളിലും അച്ഛനില്ലാത്തതിന്റെ സങ്കടം അവൾ പറഞ്ഞുകൊണ്ടേയിരുന്നു. ഇതോടെയാണ് അവുല മെഴുകു പ്രതിമയെ കുറിച്ച് ആലോചിച്ചത്.