ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നിരയിലെ മറ്റു പ്രമുഖരും പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.

യശ്വന്ത് സിൻഹയുടെ പ്രചാരണത്തിനായി പതിനൊന്നംഗ സമിതിയെ നിയോഗിച്ചു10 അംഗങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഒരഗം പൊതുസമൂഹ പ്രതിനിധിയായും ഉണ്ടാകും. ജയറാം രമേശ് , സീതാറാം യെച്ചൂരി പ്രഫുൽ പട്ടേൽ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

പത്രിക സമർപ്പണത്തിനായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആർഎൽഡിയുടെ ജയന്ത് സിൻഹ, സിപിഎം നേതാവ് സീതാറാം യച്ചൂരി, തെലങ്കാന മന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി(ടിആർഎസ്) നേതാവുമായ കെ.ടി.രാമറാവു എന്നിവരും യശ്വന്ത് സിൻഹയ്‌ക്കൊപ്പം പാർലമെന്റ് ഹൗസിലെത്തിയിരുന്നു.

ജൂൺ 28 മുതൽ സിൻഹ പ്രചരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും എത്തുമെന്ന് സിൻഹ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലാകും ആദ്യ പ്രചാരണ പരിപാടികൾ. ചെന്നൈയിൽനിന്ന് ആരംഭിക്കുന്ന പ്രചാരണം കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സന്ദർശിച്ച ശേഷം വടക്കേ ഇന്ത്യയിലേക്കു വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പത്രിക സമർപ്പണത്തിനു തൊട്ടുമുൻപ് കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. . പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതു വൈകിപ്പിക്കുന്നതിനെതിരെ ടിആർഎസ് നേരത്ത രംഗത്തെത്തിയിരുന്നു. അവസാന നിമിഷം ടിആർഎസ് പിന്തുണയുമായി എത്തുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. എൻസിപി നേതാവ് ശരദ് പവാർ, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരെ പരിഗണിച്ച ശേഷമാണ് യശ്വന്ത് സിൻഹയിലേക്ക് പ്രതിപക്ഷം എത്തിച്ചേർന്നത്.

കോൺഗ്രസ്, ടിഎംസി, സമാജ് വാദി പാർട്ടി, ശിവസേന, ഇടത് പാർട്ടികളടക്കം 12 കക്ഷികൾ പിന്തുണയറിയിച്ചെത്തിയിരുന്നു. എന്നാൽ ഝാർഖണ്ഡ് മുക്തി മോർച്ച നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഝാർഖണ്ഡിന് പുറമെ ഒഡീഷയിലും സ്വാധീനമുള്ള പാർട്ടിയുടെ വോട്ട് ബാങ്കുകളിലൊന്ന് സാന്താൾ ഗോത്ര വർഗമാണ്. ദ്രൗപദി മുർമ്മു സാന്താൾ ഗോത്ര വിഭാഗത്തെ പ്രതിനിധികരിക്കുന്നത് ജെഎംഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.