എഡ്ജ്ബാസ്റ്റൺ: ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓപ്പണറായി മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന ടെസ്റ്റിനുള്ള ടീമിലാണ് ഓപ്പണറെ ഉൾപ്പെടുത്തിയത്. ജൂലൈ ഒന്നിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിൽ നിലവിൽ ക്വാറന്റൈൻ ഇല്ലാത്തതിനാൽ താരത്തിന് നേരിട്ട് ടീമിനൊപ്പം ചേരാം. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാർച്ചിലാണ് മായങ്ക് അവസാനമായി ടെസ്റ്റ് കളിച്ചത്.

രോഹിത്തിന് നിർണായക ടെസ്റ്റിൽ കൽക്കാനാവുമോ എന്നുറപ്പില്ല. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഐസൊലേഷനിലാണ് രോഹിത്. താരത്തിന് കളിക്കാനായില്ലെങ്കിൽ, ശുഭ്മാൻ ഗില്ലിനൊപ്പം മായങ്ക് ഓപ്പൺ ചെയ്യേണ്ടി വരും. നേരത്തെ, പരിക്ക് കാരണം കെ എൽ രാഹുലിനും പരമ്പരയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

ക്യാപ്റ്റൻസിയും ഇന്ത്യക്ക് തലവേദനയാണ്. രോഹിത് ടീമിലില്ലെങ്കിൽ ആര് നയിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. വൈസ് ക്യാപ്റ്റൻ രാഹുൽ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ ജസ്പ്രിത് ബുമ്രയ്ക്കാണ് സാധ്യത കൂടുതൽ.

ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജൻ ടെസ്റ്റിലാണ് രോഹിത് കോവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റർഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുർദിന സന്നാഹ മത്സരത്തിൽ രോഹിത് ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാൽ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിങ്‌സിൽ 25 റൺസ് നേടിയ താരം റോമൻ വോൾക്കറുടെ പന്തിൽ പുറത്തായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റാണ് ജൂലായി ഒന്നിന് ആരംഭിക്കുന്നത്. പരമ്പരയിൽ നിലവിൽ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളിൽ ഇന്ത്യയുടെ മികച്ച ബാറ്റർ രോഹിത് ശർമ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിങ് ശരാശരിയോടെ 368 റൺസ് ഹിറ്റ്മാൻ സ്വന്തമാക്കിയിരുന്നു.