അടിമാലി; പത്തുവർഷത്തിലേറെയായി സന്തതസഹചാരി. അവനെ പരിപാലിച്ചത് സ്വന്തം മകനെപ്പോലെ. നൽകുന്നത് കിലോ കണക്കിന് മീനും മൊട്ടയും പാലും ഉൾപ്പെടെ പോഷക സമൃദ്ധമായ ആഹാരം. രാവിലെ കൂട്ടിൽ നിന്നിറക്കി കുളിപ്പിക്കൽ കഴിഞ്ഞാൽ രാത്രിവരെ വിഹരിക്കുന്നത് വീടിനുള്ളിൽ. ചിലപ്പോഴൊക്കെ ഉറക്കം ഹാളിലെ സോഫയിലും. പുറമെ നിന്നുള്ളവർക്ക് വീട്ടിൽ പ്രവേശനം യജമാനന്റെ അറിവോടെ മാത്രം. അടിമാലി പൊളിഞ്ഞ പാലത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ റിട്ടേർഡ് എസ് ഐ കൊന്നക്കൽ സോമന്റെ (67 )വളർത്തുനായ ഉണ്ണിയെകുറിച്ച് വീട്ടുകാർ നൽകുന്ന വിവരം ഇതാണ്.

ഇന്നലെ വൈകിട്ടോടെ മകളുടെ ഭർത്താവ് ഉമേഷ് വീട്ടിലെത്തുമ്പോഴാണ് കുളിമുറിയിൽ അനക്കമറ്റ നിലയിൽ സോമനെ കണ്ടെത്തുന്നത്. സോമനെ പലതവണ മൊബൈലിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്നാണ് ഉമേഷ് വീട്ടിലെത്തി അന്വേഷിക്കാൻ തീരുമാനിച്ചത്.

ഉമേഷ് എത്തുമ്പോൾ ഉണ്ണി വീടിന്റെ ഗെയിറ്റിൽ നിൽക്കുകയായിരുന്നു. ഉമേഷിനെ കണ്ടപ്പോൾ ഉണ്ണി വീടിന് ഉള്ളിലേക്ക് നടന്നു. പിന്നാലെ ഉമേഷും വീടിനുള്ളിലെത്തി. കുളിമുറിക്കുള്ളിലേക്ക് കയറിയാണ് ഉണ്ണി നിന്നത്. നോക്കുമ്പോൾ കമിഴ്ന്നു കിടക്കുന്ന നിലയിൽ സോമനെ കണ്ടെത്തി. വിളിച്ചിട്ട് അനക്കമില്ലാതായതോടെ ഉമേഷ് വിവരം അടിമാലി പൊലീസിൽ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയതോടെ പല ഭാഗത്തു നിന്നായി വിവരമറിഞ്ഞ് നിരവധി പേരെത്തി. ഇതോടെ ഉണ്ണിയുടെ സ്വഭാവം മാറി. അപരിചിതർക്കു നേരെ അവൻ കുരച്ചു ചാടി. ഗെയിറ്റിനടുത്തേക്കു പോലും ആരെയും അടുപ്പിച്ചില്ല. ഒരു മണിക്കൂറോളം പൊലീസും ഫയർ ഫോഴ്‌സും അടക്കമുള്ളവരെ അവൻ വീടിനുള്ളിലേക്ക് കടത്താതെ കാവൽ നിൽക്കുകയായിരുന്നു.

ഒടുവിൽ ഉമേഷ് തന്ത്രപൂർവും നായയെ മുറിക്കുള്ളിലാക്കി , വാതിൽപൂട്ടിയിട്ടപ്പോഴാണ് പൊലീസിനും ഫയർഫോഴ്‌സിനും മറ്റും വീടിനകത്തുകടന്ന് കൃത്യനിർവ്വഹണം പൂർത്തിയാക്കാനായത്.

ആൺമക്കളില്ലാത്തതിനാൽ കഴിഞ്ഞ 10 വർഷത്തിലേറെയായി നായ്ക്ക് ഉണ്ണിയെന്ന് പേരിട്ട് മകനെപ്പോലെ വളർത്തുകയായിരുന്നു സോമൻ . ദിവസം 2 കിലോ മീൻ വാങ്ങിയാൽ ഒന്നര കിലോ വേവിച്ച് നായ്ക്ക് നൽകുമായിരുന്നു.

രാവിലെ കൂട്ടിൽ നിന്നിറക്കി ഉണ്ണിയെ സോമൻ കുളിപ്പിക്കും. ഇതിന് ശേഷം ഉണ്ണിയെ വീടിനുള്ളിലേക്ക് വിടും. പിന്നെ രാത്രി വൈകും വരെ വീട്ടിൽ ഒരുമിച്ചാണ് . സോമന്റെ അനുമതിയില്ലാതെ പുറമെ നിന്ന് ഒരാളെ വീട്ടിൽ കടക്കാൻ ഉണ്ണി അനുവദിക്കില്ല.

നായ്ക്ക് പുറമെ ഏതാനും പൂച്ചകളെയും സോമൻ വളർത്തിയിരുന്നു. സോമനെ വിട്ടാൽ ഉണ്ണിക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നത് മകൾ മോനീഷയാടും ഭർത്താവ് ഉമേഷിനോടുമായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഒറ്റയ്ക്കായിരുന്നു സോമൻ താമസിച്ചു വന്നിരുന്നത്. കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യ മാറി താമസിക്കുകയായിരുന്നു. മകളുടെ വീട് അടുത്തായതിനാൽ ഇടക്ക് സോമൻ ഇവിടെ എത്തിയിരുന്നു.