മനാമ: ബഹ്‌റൈനിലെ ലേബർ ക്യാമ്പിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്‌റയിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഒൻപത് ഫയർ എഞ്ചിനുകളും 30 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തം സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പ്രദേശത്തെ ഏറെ നേരം കനത്ത പുകയായിരുന്നുവെന്നും ഏറെ അകലെ നിന്ന് തന്നെ ഇത് ദൃശ്യമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബഹ്‌റൈനിൽ മഖബഹിലെ ഒരു ലേബർ ക്യാമ്പിലും തീപിടുത്തമുണ്ടായി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് ഇവിടെ അപകട കാരണമായതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. സിവിൽ ഡിഫൻസിന്റെ അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.