മിലാൻ: റെയ് ബാനും ഓക്ലിയുമടക്കം ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമയായ ലിയനാർഡൊ ഡെൽ വെക്കിയൊ അന്തരിച്ചു. കാഴ്ചയ്ക്കപ്പുറം കണ്ണടകളെ ഫാഷൻ ഐക്കണാക്കി മാറ്റിയ മാസ്റ്റർ ബ്രെയിനാണ് 87കാരനായ ഡെൽ വെക്കിയോ. ബാല്യത്തിലെ കൊടിയ ദാരിദ്ര്യത്തെ അതിജീവിച്ച് റെയ് ബാനും ഓക്ലിയുമടക്കമുള്ള ലോകോത്തര കണ്ണട ബ്രാൻഡുകളുടെ ഉടമയായി മാറിയ മാന്ത്രികനാണ് ഡെൽ വിക്കിയോ.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ തിരിച്ചുവരവിനോടു കിടപിടിക്കുന്നതാണ് അനാഥാലയത്തിൽ കുട്ടിക്കാലം ചെലവിട്ട ഡെൽ വെക്കിയൊയുടെ മുന്നേറ്റം. സിനിമയും ഫാഷനും എന്നു വേണ്ട ലോകം മുഴുവൻ റെയ് ബാൻ ഒരു ലഹരിപോലെ കണ്ണും കണ്ണും കൊള്ളയടിച്ച് മുന്നേറി.

1961 ലാണ് ഡെൽ വെക്കിയൊ കണ്ണട നിർമ്മാണ പാർട്‌സുകളുടെ വിതരണത്തിനായി ലക്‌സോട്ടിക്ക സ്ഥാപിച്ചത്. ഐ വെയർ രംഗത്തെ വരുമാനത്തെ മീഡിയൊബാങ്കയും ജന റാലിയും പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ പര്യാപ്തമായ നിക്ഷേപമാക്കിയ വ്യവസായിയാണ് ഡെൽ വെക്കിയോ.

2018 ൽ ഫ്രാൻസിലെ എസിലോറിനൊപ്പം ചേർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ വെയർ ഗ്രൂപ്പായ എസിലോർ ലക്‌സോട്ടിക്കയായി കമ്പനി മാറിയപ്പോഴും ചെയർമാനായി തുടർന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കു പ്രകാരം ഫോബ്‌സിന്റെ ഇറ്റാലിയൻ സമ്പന്നരുടെ പട്ടികയിൽ രണ്ടാമനായിരുന്നു. ന്യൂട്ടെല്ല നിർമ്മാതാവ് ജിയൊവാണി ഫെരെരൊ ആയിരുന്നു ഒന്നാമൻ.