കുരങ്ങുപനിക്ക് കാരണമായ വൈറസ് സാധാരണയിലും കവിഞ്ഞ വേഗത്തിൽ മ്യുട്ടേഷന് വിധേയമാകുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. അതിവേഗതയിലുള്ള് മ്യുട്ടേഷൻ അതിന്റെ വ്യാപനശേഷിയും വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി കുരങ്ങുപനിയുടെ വ്യാപനം കൂടുതൽ ശക്തമാകുന്നത്. 2018 ന് ശേഷം പ്രതീക്ഷിച്ചതിലും 12 ഇരട്ടി തവണ ഈ വൈറസ് പെരുകിയതായി നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്തിലെ ഗവേഷകർ കണ്ടെത്തി.

ഈ വസ്തുത വിരൽചൂണ്ടുന്നത് മറ്റൊരു ഭീതിദമായ സത്യത്തിലേക്കാണ്. സ്പർശനം, മലിനമായ പ്രതലം, കൂടുതൽ അടുത്തശാരീരിക സമ്പർക്കം എന്നിവയിലൂടെ പകർന്നിരുന്ന ഈ വൈറസ്, വ്യാപനത്തിനായി മറ്റു പല മാർഗ്ഗങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കാംഎന്നതാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. ഇതുവരെ ഒരു പകർച്ചവ്യാധിയായി കുരങ്ങു പനി എത്താതിരുന്ന വിവിധ രാജ്യങ്ങളിലെല്ലാം കൂടി ഇതുവരെ 3500 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇനിയും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത ഈ റിപ്പോർട്ട് തയ്യാറാക്കിയത് മങ്കിപോക്സ് വൈറസിന്റെ 15 സാമ്പിളുകളിൽ നടത്തിയ പഠനത്തിനു ശേഷമാണ്. വൈറസുകളുടെ ജനിതക വിവരങ്ങൾ പുനർവിന്യാസം നടത്തിയായിരുന്നു ഇത് വ്യാപനം തുടങ്ങിയതിൽ പിന്നെ എത്ര തവണ മ്യുട്ടേഷന് വിധേയമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് അടുത്തയിടെ മാത്രമാണ് മനുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധയം കണ്ടെത്തിയതെങ്കിലും, 2018 മുതൽ ഇത് ലോകത്ത് വ്യാപിക്കാൻ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്.

ഒരു വൈറസിന് എങ്ങനെ മ്യുട്ടേഷൻ സംഭവിക്കുന്നു എന്നത് ഇന്ന് ശാസ്ത്രത്തിന് അറിയാവുന്ന കാര്യമാണ്. സാധാരണയായി മങ്കിപോക്സ് വൈറസ് കോവിഡ് 19 വൈറാസിനെ പോലെ അതിവേഗം മ്യുട്ടേഷന് വിധേയമാകുന്ന ഒരിനമല്ല, പെരുകുന്ന സമയത്ത് ജനിതക ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ നേരെയാക്കി സാവധാനമാണ് ഇത് പെരുകുക. അതുകൊണ്ടു തന്നെ ജനിതക വ്യത്യാസം വരുത്തി പുതിയ വകഭേദങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ സാധാരണയായി ഇത് വളരെ പുറകിലാണ്.

മറ്റൊരു കോവിഡ് തരംഗം പ്രതീക്ഷിച്ച് ബ്രിട്ടൻ

അടുത്തകാലത്ത് ബ്രിട്ടനിൽ കോവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമായിരിക്കുന്നത് ഓമിക്രോണിന്റെ രണ്ട് പുതിയ വകഭേദങ്ങളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതിന്റെ ആരംഭത്തിൽ തന്നെ ഈ വ്യാപനം സസൂക്ഷ്മം നിരീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എന്നിരുന്നാലും, നിയന്ത്രണങ്ങൾ ഒന്നും കൊണ്ടുവരാൻ ഇപ്പോൾ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

ബി എ. 4, ബി എ. 5 എന്നീ ഉപ വകഭേദങ്ങളാണ് ഇപ്പോഴുള്ള കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. താരതമ്യേന ദുർബലമായതാണെങ്കിലും അതി വ്യാപനശേഷിയുള്ളതായിരുന്നു ഓമിക്രോൺ വകഭേദം. അതിനേക്കാൾ അനേകം മടങ്ങ് വ്യാപനശേഷിയുള്ളതാണ് ഈ രണ്ട് ഓമിക്രോൺ ഉപവകഭേദങ്ങളും. വ്യാപന ശേഷി കൂടുതലാണെങ്കിലും പ്രഹരശേഷി കുറവാണ് എന്നാണ് അനുമാനം. രോഗവ്യാപനം വർദ്ധിക്കുമ്പോഴും മരണ നിരക്കോ, ഐ സി യു പ്രവേശന നിരക്കോ വർദ്ധിക്കാത്തത് ഇതിനു തെളിവാണെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടു തന്നെ, മറ്റൊരു കോവിഡ് തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും അത് മുൻകാലങ്ങളിലേത് പോലെ ഭീകരമായ ഒന്നായിരിക്കില്ല എന്നാണ് പകർച്ചവ്യാധി വിദഗ്ദ്ധർ പറയുന്നത്. അതുപോലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുമെങ്കിൽ പോലും അത് കുത്തനെ ഉയരുകയില്ല എന്നും അവർ പറയുന്നു.