ജർമനി: ജി 7 ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയ്യാറെടുക്കവെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. മോദിയെ പിന്നിലൂടെ വന്ന് തട്ടി വിളിക്കുന്ന ബൈഡന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽൃലാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുകയായിരുന്നു മോദി. പുറം തിരിഞ്ഞു നിൽ്കകുന്ന മോദിക്ക് പിന്നിലൂടെ വരുന്ന ബൈഡനെ കാണാനുമാകുന്നില്ല.

ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയ്യാറെടുക്കവെ പിന്നിലൂടെ വന്ന ബൈഡൻ, തോളിൽത്തട്ടുന്നത് വിഡിയോയിൽ കാണാം. പെട്ടെന്നുതന്നെ തിരിഞ്ഞുനോക്കിയ മോദി, ബൈഡന് ഹസ്തദാനം നൽകിയശേഷം കുശലാന്വേഷണം നടത്തുന്നതാണ് വിഡിയോ. നേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. പിന്നീട് ഫോട്ടോ സെഷനു മുൻപാണ് മോദിയുടെ അടുത്തേക്കു വന്ന ജോ ബൈഡൻ ഹസ്തദാനം ചെയ്തു കുശലാന്വേഷണം നടത്തിയത്. കഴിഞ്ഞ മാസം ജപ്പാനിൽ ക്വാഡ് ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി മോദി ചർച്ച നടത്തി.