തലപ്പലം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് നിർണ്ണായക പങ്കു വഹിക്കാൻ കുടുംബശ്രീയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തലപ്പലം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച തലപ്പലം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനായത് കുടുംബശ്രീയുടെ നേട്ടമാണ്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. അഭിലാഷ് ദിവാകർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, അരുൺ പ്രഭാകർ, എസ് ഐ വിഷ്ണു വി വി, കല്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്, ലൗജിൻ സണ്ണി, ശ്രീജ കെ എസ്, ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, കൊച്ചുറാണി ജെയ്‌സൺ, എൽസി ജോസഫ്, ബിജു കെ കെ, മേഴ്സി മാത്യു, ശ്രീകല ആർ, ജെറ്റോ ജോസ്, സ്റ്റെല്ലാ ജോയി, കെ ജെ സെബാസ്റ്റ്യൻ, സതീഷ് കെ ബി, ജോമി ബെന്നി, ആനന്ദ് ജോസഫ്, ചിത്ര സജി, സുരേഷ് പി കെ, സിബിൻ പി ബി തുടങ്ങിയവർ പ്രസംഗിച്ചു.

ആഘോഷത്തോടനുബന്ധിച്ച ഫുഡ് ഫെസ്റ്റും കലാപരിപാടികളും സംഘടിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി പനക്കപ്പാലത്തുനിന്നും സമ്മേളന നഗരിയിലേക്ക് റാലിയും നടത്തി.

നടപ്പാത കൈയേറി പാർക്കിങ്; കാൽനടയാത്രികർ ദുരിതത്തിൽ

പാലാ: കെ എസ് ആർ ടി സി ബസ് ടെർമിനലിനു സമീപം സ്വകാര്യ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി നടപ്പാത പൂർണ്ണമായി കയ്യേറിയ സംഭവത്തിൽ ജനവേദി പ്രതിഷേധിച്ചു. നാല്പതു മീറ്ററോളം നടപ്പാതയാണ് അനധികൃതമായി കൈയേറിയത്. ഇതോടെ കാൽ നടക്കാർ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട ഗതികേടിലായി. സ്‌കൂൾ സമയത്ത് ഇതുവഴി നിരവധി വിദ്യാർത്ഥികളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഈ ഭാഗത്തെ റെയിലിംഗുകൾ പൂർണ്ണമായും പിഴുതുമാറ്റിയതോടെയാണ് വലിയ രീതിയിൽ കയ്യേറ്റം നടന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരുടെ ഒത്താശയോടെയാണ് ഈ നടപ്പാത കൈയേറ്റമെന്ന് ജനവേദി കുറ്റപ്പെടുത്തി. ഇവിടെയെത്തുന്ന പണിക്കാരുടെ ഇരുചക്രവാഹനങ്ങൾ നടപ്പാത കൈയേറിയാണ് പാർക്കു ചെയ്യുന്നത്. വലിയ വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കുന്നതു തിരക്കേറിയ സമയങ്ങളിൽ നടപ്പാത കൈയേറിയാണ്. പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും ഇവിടെ നടപ്പാത കൈയേറുകയും അനധികൃത പാർക്കിങ് നടത്തുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കാറില്ലെന്നു ജനവേദി യോഗം കുറ്റപ്പെടുത്തി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ എവിടെയെങ്കിലും റോഡിൽ നിറുത്തേണ്ടി വന്നാൽ പിഴ ഈടാക്കാറുള്ള പൊലീസ് ഇതു കണ്ടില്ലെന്നു നടിക്കുകയാണ്. ഈ ഭാഗത്തെ ഓടകളിൽ മണ്ണുന്നത് നീക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്തതിനാൽ മഴ പെയ്താലുടൻ വെള്ളക്കെട്ടും ഇവിടെ നിത്യസംഭവമാണ്. നടപ്പാത കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ, ബിബിൻ തോമസ്, ജസ്റ്റിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.