മുംബൈ: അന്തരിച്ച ഷാപോർജി പല്ലോൻജി(എസ്‌പി) ഗ്രൂപ്പ് മേധാവി പല്ലോൻജി മിസ്ത്രിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഉറക്കത്തിനിടെ ചൊവ്വാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും.

2016 ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ച വ്യക്തിയാണ് അദ്ദേഹം. പല്ലോൻജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. വാണിജ്യ, വ്യവസായ മേഖലകളിൽ നിർണ്ണായക സംഭാവന നൽകിയ വ്യക്തിയായിരുന്നു പല്ലോൻജിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുംബൈ ആസ്ഥാനമായ ഷാപോർജി പല്ലോൻജി ഗ്രൂപ്പ് 1865ലാണ് സ്ഥാപിതമായത്. എൻജിനീയറിങ്, കെട്ടിട നിർമ്മാണം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നു.

ടാറ്റ ഗ്രൂപ്പിൽ രത്തൻ ടാറ്റയുടെ പിൻഗാമിയായി ചുമതല/േറ്റ, 2016ൽ ടാറ്റ സൺസ് ലിമിറ്റഡിന്റെ ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി അടക്കം നാല് മക്കൾ ചേർന്നതാണ് പല്ലോൻജിയുടെ കുടുംബം. ടാറ്റ ഗ്രൂപ്പിലെ 18.4 ശതമാനം ഓഹരി സ്വന്തമായുള്ള എസ്‌പി ഗ്രൂപ്പ്, ടാറ്റയുടെ ഏറ്റവുമുയർന്ന ഓഹരിയുടമ കൂടിയാണ്.