ഷിക്കാഗോ: ഇന്ത്യയുടെ യശസ്സ് ഉയർത്തിപിടിക്കുന്നതിനും ഇന്ത്യൻ ജനതയുടെ സ്വപ്നം സാക്ഷാത്കാരിക്കുന്നതിനും, ലോകരാഷ്ട്രങ്ങളുടെ നെറുകയിൽ ഇന്ത്യയെ എത്തിക്കുന്നതിനും ആത്മാർഥ ശ്രമം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു.

എൻഐഡി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തരൺ ജിത്ത്. മോദിയെ കുറിച്ച് എഴുതിയ ഹാർട്ട്ഫെൽറ്റ്, റിയലിസം മീറ്റ്സ് ലിവറി എന്ന പുസ്തകത്തിന്റെ പ്രകാശനം അംബാസഡർ നിർവഹിച്ചു.

മാറ്റങ്ങളുടെ നിർണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് മോദി സർക്കാർ മുൻഗണന നൽകുന്നതെന്ന് ജീവനകല യോഗാഭ്യാസരീതിയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തണമെന്ന് സെനറ്റർ റോൺ ജോൺസൻ അഭിപ്രായപ്പെട്ടു. വിസ്‌കോൻസെൻ പാർക്ക്‌സൈഡ് യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ഡബോറ, വിസ്‌കോൻസെൻ സ്റ്റേറ്റ് അസംബ്ലി സ്പീക്കർ, ഇന്ത്യൻ വ്യവസായി ദർശൻ സിങ്, ഇന്ത്യൻ എംപി ഹൻസ രാജ് ഹൻസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.