കോതമംഗലം :സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തി തുറന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചെടുക്കുകയായിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പെരുമ്പാവൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഷാജഹാൻ. മോഷണ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ മാസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് നെല്ലിക്കുഴിയിൽ മോഷണം നടത്തിയത്.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ അനീഷ് ജോയ്, എസ്‌ഐ മാരായ കെ.എസ്.ഹരിപ്രസാദ്, അജി, എഎസ്ഐ മാരായ കെ.എം.സലിം. എം.എം.റജി, എസ്.സി.പി.ഒ മാരായ റ്റി.ആർ.ശ്രീജിത്ത്, നിജാസ്, നിഷാന്ത് കുമാർ, നിയാസ് മീരാൻ എന്നിവരാണ് ഉണ്ടായിരുന്നത്.