ക്വാലാലംപൂർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ തായ്ലൻഡ് താരം പോൺപാവീ ചോചുവോംഗിനെയാണ് സിന്ധു തോൽപിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോർ 21-13, 21-17. സിന്ധു വ്യാഴാഴ്ച രണ്ടാം റൗണ്ടിൽ തായ്ലൻഡ് താരം ഫിറ്റായപോൺ ചായ്വാനെ നേരിടും.

അതേസമയം സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. അമേരിക്കൻ താരം ഐറിസ് വാംഗ് ആണ് സൈനയെ തോൽപിച്ചത്. സ്‌കോർ 21-11, 21-17. പുരുഷന്മാരിൽ പി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള ഗെയിമുകൾക്ക് തെക്കൻ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ ആണ് കശ്യപ് തോൽപിച്ചത്. സ്‌കോർ 21-12, 21-17.

ഡബിൾസിൽ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. നെതർലൻഡ്‌സിന്റെ റോബിൻ ടബെലിങ്-സലേന പീക് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോൽവി. സ്‌കോർ 15-21, 21-19 17-21.

ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയിയും പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിലെത്തിയിരുന്നു. പുരുഷ സിംഗിൾസിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സായ് പ്രണീതും സമീർ വർമയും ഇന്നലെ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. സമീർ വർമ ലോക എട്ടാം നമ്പർ താരം മലേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയോട് തോറ്റപ്പോൾ പ്രണീത് ഇൻഡോനേഷ്യയുടെ തന്നെ ആന്റണി സിനുസുകയോട് തോറ്റ് പുറത്തായി