- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ അഞ്ച് വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; രണ്ട് ദിവസത്തെ സാമൂഹിക സേവനത്തിന് ശിക്ഷിച്ച് ആർടിഒ: ബൈക്ക് ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
ചെറുതോണി: ഒരു ബൈക്കിൽ അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥികളെ രണ്ട് ദിവസത്തെ സാമൂഹിക സേവനത്തിന് ശിക്ഷിച്ച് ആർടിഒ. ഇതിനു പുറമേ സ്‌കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും 2,000 രൂപ പിഴയുമീടാക്കുകയും ചെയ്തു. ഇടുക്കി ആർടിഒ ആർ.രമണന്റെതാണ് ശിക്ഷാ വിധി.
2, 3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളജിലെത്തി രോഗികളെ സഹായിക്കാനാണ് ആർടിഒ നിർദേശിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടിനു കൈമാറാനുള്ള കത്തും വിദ്യാർത്ഥികളെ ഏൽപിച്ചു. ആശുപത്രി സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കുമെന്ന് ആർടിഒ അറിയിച്ചു. ഇനി മേലിൽ കുറ്റം ചെയ്യുകയില്ലെന്നു മാതാപിതാക്കളുടെ മുന്നിൽ വച്ച് പ്രതിജ്ഞ ചൊല്ലിച്ച ശേഷമാണു വിദ്യാർത്ഥികളെ പറഞ്ഞയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുരിക്കാശേരിയിലായിരുന്നു അപകടകരമായ സ്‌കൂട്ടർ സവാരി. ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ആർടിഒയുടെ നേതൃത്വത്തിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സോണി ജോൺ, നെബു ജോൺ എന്നിവർ അന്വേഷണം നടത്തി സ്‌കൂട്ടർ കണ്ടെത്തി.
സ്‌കൂട്ടറിൽ സഞ്ചരിച്ച കോളജ് വിദ്യാർത്ഥികളായ അഖിൽ ബാബു, ആൽബിൻ ഷാജി, ജോയൽ വി.ജോമോൻ, ആൽബിൻ ആന്റണി, എജിൻ ജോസഫ് എന്നിവരെ മാതാപിതാക്കളോടൊപ്പം ഇടുക്കി ആർടിഒ ഓഫിസിലേക്ക് വിളിച്ചു വരുത്തി.