വാഷിങ്ടൺ ഡി.സി: അരനൂറ്റാണ്ടിലധികമായി അമേരിക്കൻ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗർഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തുമാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാഹാരിസ്. അമേരിക്കൻ മാധ്യമത്തിന് ജൂൺ 27ന് നൽകിയ അഭിമുഖത്തിലാണ് കമലയുടെ അഭിപ്രായ പ്രകടനം.

ഗർഭഛിദ്രം ഭരണഘടനാ വിധേയമാക്കിയിരുന്ന റോ.വി.വെയ്ഡ് നിയമം നീക്കം ചെയ്ത കൺസർവേറ്റീവ് അസോസിയേറ്റ് ജസ്റ്റീസ് ക്ലാരൻസ് തോമസ് ഈയിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേർത്തു. ഗർഭഛിദ്ര നിയമത്തിന് സമാനമായ സ്വവർഗ വിവാഹം പോലുള്ള നിയമങ്ങളെ കുറിച്ചു പുനർചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരൻസ് പറയുന്നത്.

സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗർഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമനിർമ്മാണത്തിനുള്ള ഉത്തരവിറക്കിയത്.

രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമലാഹാരിസ് ഈ വർഷം നവംബറിൽ നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ ഈ വിഷയം ചർച്ചക്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കമല ഹാരിസ് ഗർഭഛിദ്രാവകാശത്തിന് വേണ്ടി ശബ്ദം ഉയർത്തിയിരുന്ന വ്യക്തിയായിരുന്നു.

സുപ്രീം കോടതി ഗർഭഛിദ്രാവകാശത്തിന് അനുമതി നിഷേധിച്ചുകൊണ്ടു പുറത്തിറക്കിയ ഉത്തരവ് തന്നെ ഞെട്ടിച്ചതായി കമലാ ഹാരിസ് പറഞ്ഞു. സ്ത്രീകൾ അനുഭവിച്ചു വന്നിരുന്ന അവകാശത്തിന്മേലാണ് സുപ്രീംകോടതി കൈവെച്ചിരിക്കുന്നതെന്ന് പറയുന്നതിനും കമലാ ഹാരിസ് മടിച്ചില്ല.