വീണ്ടുമൊരു കോവിഡ് തരംഗമെത്തിയേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിൽ ഫെയ്‌സ് മാസ്‌ക് നിർബന്ധിതമാക്കുന്ന നിയമം വന്നേക്കും. ചില ആരോഗ്യ ക്രമീകരണങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് ഉന്നത സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന വിവരം.

കോവിഡ് -19 കേസുകളും ആശുപത്രി പ്രവേശനങ്ങളും വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ആവശ്യമെങ്കിൽ വേഗത്തിൽ പാസാക്കാവുന്ന നിയമങ്ങൾ ഇപ്പോൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന എമർജെൻസി അധികാരവും നിയമനിർമ്മാണങ്ങളുമെല്ലാം ഈ വർഷമാദ്യം റദ്ദാക്കിയിരുന്നു.
വിന്ററിൽ കേസുകൾ വർദ്ധിക്കുകയാണെങ്കിൽ നിർബന്ധിതമായും ഫേയ്‌സ് മാസ്‌ക് നിയമങ്ങളൊന്നും നിലവിലില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഈ സാഹചര്യമാണ് പുതിയ നിയമനിർമ്മാണം അനിവാര്യമാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ 751 കോവിഡ് രോഗികളാണുള്ളത്. രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ മുന്നൂറോളം രോഗികളാണ് ഇപ്പോൾ കൂടിയത്.