പഞ്ചാബ് : അഗ്‌നിപഥ് പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി.

മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. അഗ്‌നിപഥ് യുവാക്കൾക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയം പറയുന്നു. ജീവിതം സേനക്കായി സമർപ്പിക്കുന്ന യുവാക്കൾക്കിടയിൽ പദ്ധതി അസംതൃപ്തിക്ക് കാരണമാകും. അഗ്‌നി പദ്ധതി സർക്കാർ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അഗ്‌നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വനിത അഗ്‌നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നത്. ഇത് രണ്ടു വർഷത്തിൽ 4500 ആയി ഉയരും. പ്രതിഷേധങ്ങൾ വന്നതു പോലെ അവസാനിച്ചത് ഇതിനു പിന്നിൽ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിന്റെ സൂചനയാണെന്നും എയർമാർഷൽ സൂരജ്കുമാർ ഝാ പറഞ്ഞു.

അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ പലതും അജ്ഞത കൊണ്ടോ പ്രേരണ കൊണ്ടോ ആയിരുന്നു. നിക്ഷിപ്ത താല്പര്യക്കാരായിരുന്നു അതിനു പിന്നിൽ. പ്രതിഷേധങ്ങൾ വന്നപോലെ തന്നെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ രജിസ്‌ട്രേഷൻ തുടങ്ങിയ ശേഷമുള്ള പ്രതികരണവും ജനങ്ങൾ ഇത് അംഗീകരിച്ചു എന്നതിന് തെളിവാണെന്ന് സൂരജ് കുമാർ ഝാ പറയുന്നു.