ഇംഫാൽ: മണിപ്പുരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. 13 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 23 പേരോളം മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ടുപുൾ യാർഡ് റെയിൽവേ നിർമ്മാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് തമെങ്ലോങ്, നോനി ജില്ലകളിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി ഇപ്പോൾ ഒരു 'അണക്കെട്ട്' പോലെ രൂപം കൊണ്ടിട്ടുണ്ടെന്നും ഇവ തകർന്നാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയത്തിനു സാധ്യതയുണ്ടെന്നും നോനി ഡപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബിരേൻ സിങ് നോനി ജില്ലയിൽ എത്തി. രാജ്യസഭാ എംപി ലെയ്ഷെംബ സനജയോബ, നുങ്ബ എംഎൽഎ ഡിങാഗ്ലുങ് ഗാങ്മെയ്‌ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.