ലക്നൗ: ഉത്തർപ്രദേശിൽ കുരങ്ങനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗം, രാധേ, സൂരജ് എന്നി യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് പിപാർപൂർ പൊലീസ് ഇൻസ്പെക്ടർ ധീരേന്ദ്ര സിങ് യാദവ് പറഞ്ഞു.

അമേഠിയിലാണ് സംഭവം. കുരങ്ങനെ രക്ഷിക്കാൻ ശ്രമിച്ച ദേവേന്ദ്ര സിങ് എന്നയാളുടെ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദുർഗാപൂർ മാർക്കറ്റിലെ ബിയർ കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. മൂന്ന് യുവാക്കളും മദ്യലഹരിയിലായിരുന്നു. ബിയർ കടയ്ക്ക് സമീപത്തെ റോഡരികിൽ പരിക്കേറ്റ നിലയിൽ അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു കുരങ്ങൻ. കുരങ്ങനെ കണ്ട ഇവർ ഒരു പ്രകോപനവുമില്ലാതെ അതിനു നേരെ കല്ലെറിയാൻ തുടങ്ങി. കുരങ്ങൻ ചലനമറ്റു വീഴുന്നതുവരെ യുവാക്കൾ കല്ലെറിഞ്ഞെന്നും ഒടുവിൽ അത് ചത്തുവീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ വിശദീകരിച്ചു.