ലണ്ടൻ: ഇംഗ്ലണ്ട് ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി ജോസ് ബട്ലറെ തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഓയിൻ മോർഗന് പകരമാണ് ബട്ലർ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീമുകളുടെ നായകനാവുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓയിൻ മോർഗൻ വിരമിച്ചതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ബട്ട്ലറെ ക്യാപ്റ്റനായി തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മോർഗന് കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ബട്ലർ.

ഇന്ത്യക്കെതിരായ ടെസ്റ്റിനുശേഷം ജൂലൈ ഏഴിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബട്ലർ നായകനായി അരങ്ങേറും. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ നാളെയാണ് പ്രഖ്യാപിക്കുക. മോർഗനിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് ആദരമായി കാണുന്നുവെന്ന് ബട്ലർ പറഞ്ഞു. മോർഗന് കീഴിൽ കളിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും കളിക്കാര പ്രചോദിപ്പിക്കുന്ന നായകനായിരുന്നു മോർഗനെന്നും ബട്ലർ പ്രതികരിച്ചു.

ഇക്കാര്യത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജിങ് ഡയറക്ടർ റോബ് കീയുടെ ശുപാർശയ്ക്ക് ഇസിബിയുടെ ഇടക്കാല ചെയർമാനായ മാർട്ടിൻ ഡാർലോ, ഇടക്കാല സിഇഒ ക്ലെയർ കോണർ എന്നിവർ അംഗീകാരം നൽകുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോർഗന് പകരം ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ബട്ട്ലറാണെന്ന് റോബ് കീ പ്രസ്താവനയിൽ പറഞ്ഞു.

ഔദ്യോഗികമായി നാകനാവുന്നതിന് മുമ്പ് ഒമ്പത് ഏകദിനങ്ങളിലും അഞ്ച് ട്വന്റി 20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ബട്ലർ നയിച്ചിട്ടുണ്ട്. നേരത്തെ ടെസ്റ്റ് ടീം നായകൻ ജോ റൂട്ട് സ്ഥാനമൊഴിഞ്ഞപ്പോൾ ബെൻ സ്റ്റോക്‌സിനെയാണ് ഇംഗ്ലണ്ട് പകരം നായകനായി തെരഞ്ഞെടുത്തത്. ടെസ്റ്റിനും വൈറ്റ് ബോൾ ക്രിക്കറ്റിനും വെവ്വേറെ ടീമുകളുള്ള ഇംഗ്ലണ്ടിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന അപൂർവം കളിക്കാരാണ് സ്റ്റോക്‌സും ബട്ലറും.

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പാവും 31കാരനായ ബട്ലർക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കിരീടം നിലനിർത്തുകയെന്നതും ബട്ലറുടെ ലക്ഷ്യമാണ്.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് അയർലൻഡിനെതിരായ ട്വന്റി 20 പരമ്പര കളിച്ച ടീമിലെ കളിക്കാരാവും ഇന്ത്യക്കായി ഇറങ്ങുക എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ കളിക്കാരനായ ബട്ലർ ഐപിഎല്ലിൽ തന്റെ നായകനായ മലയാളി താരം സഞ്ജു സാംസണെതിരെ കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ടാകും.