മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്‌നാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്‌ച്ച വെക്കാൻ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്ന് രാത്രി 7.30 നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും ഷിൻഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്.

വിമതരെ ഒപ്പം കൂട്ടി ബിജെപി ഒരു സർക്കാരുണ്ടാക്കുമ്പോൾ ദേവേന്ദ്ര ഫട്‌നാവിസ് അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രാജ്ഭവനിൽ ഷിൻഡെയ്ക്ക് ഒപ്പം മാധ്യമങ്ങളെ കണ്ട ഫട്‌നാവിസ് ആ ട്വിസ്റ്റ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ താനുണ്ടാകില്ലെന്നായിരുന്നു ഫട്‌നാവിസിന്റെ നിലപാട്. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ ഉപമുഖ്യമന്ത്രി പദം അദ്ദേഹം സ്വീകരിക്കുകയായിരുന്നു. ആദ്യ മന്ത്രിസഭാ യോഗവും പിന്നാലെ ചേർന്നു.

മറ്റന്നാൾ സഭയിൽ പുതിയ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കണം. ബിജെപിയുടെ 106 പേർക്ക് പുറമെ വിമതരടക്കം 50 പേർ ഷിൻഡെയ്ക്ക് ഒപ്പമുണ്ട്. അതുകൊണ്ട് ആ കടമ്പയും അനായാസം മറികടക്കാം. 2019 ൽ സഖ്യത്തിൽ നിന്ന് കൂറ് മാറിയ ഉദ്ധവിനോടുള്ള പകപോക്കലാണ് ബിജെപിക്കിത്.