ന്യൂഡൽഹി: മണിപ്പൂരിൽ കനത്ത മഴയിലും മണ്ണിടിച്ചിലും മരണം 13 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി.നോനി ജില്ലയിലെ റെയിൽവേ നിർമ്മാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവരെ 19 പേരെ രക്ഷിക്കുകയും ആർമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കനത്ത മഴയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു.

തുപുലിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് സംഘത്തെ കൂടി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച അർദ്ധരാത്രി മുതൽ എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി എൻ ബിരേൻ സിങ് അമിത് ഷായ്ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ദുരന്ത സാഹചര്യം വിലയിരുത്തനായി അടിയന്തര ചർച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.