ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ കാലത്ത് ഇന്ത്യയിൽ ജീവൻ നഷ്ടമായത് 2000 ഡോക്ടർമാർക്ക്. ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് രാജ്യത്ത് ഇത്രയധികം ഡോക്ടർമാർ ജീവൻ വെടിഞ്ഞത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോഗ്യമന്ത്രാലയത്തിന് ഒടുവിൽ കൈമാറിയ പട്ടിക പ്രകാരം 1596 പേരാണു മരിച്ചത്. യഥാർഥ കണക്ക് ഇതിലും അധികം വരുമെന്ന് ഐഎംഎ ദേശീയ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ പറഞ്ഞു.

ഡോക്ടർമാർക്കെതിരായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക രജിസ്ട്രി സംവിധാനം ഐഎംഎ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അതിരൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ 99 ഡോക്ടർമാരും കേരളത്തിൽ 29 പേരും മരിച്ചു. ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. കോവിഡ് മൂലം നൂറിലേറെ ഡോക്ടർമാർ മരിച്ച മറ്റു സംസ്ഥാനങ്ങൾ: തമിഴ്‌നാട് (154), ബംഗാൾ (154), ഡൽഹി (150), ആന്ധ്രപ്രദേശ് (118), ഗുജറാത്ത് (101).