പെരിയ: നിത്യനിവേദ്യത്തിനും പൂജയ്ക്കും ആവശ്യമായ നെല്ലും പുഷ്പങ്ങളും കൃഷിചെയ്‌തെടുക്കാൻ ക്ഷേത്രത്തിനായി ഭൂമി വിലകൊടുത്തുവാങ്ങി വിശ്വാസികൾ. കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തിന് വേണ്ടിയാണ വിശ്വാസികൾ ചേർന്ന് കൃഷി ഭൂമി വാങ്ങിയത്.

ഒരുസെന്റ് ക്ഷേത്രത്തിന് എന്ന പദ്ധതിയിലൂടെ ഒരേക്കർ വയൽ ഉൾപ്പെടെ രണ്ടേക്കറാണ് ക്ഷേത്രത്തിന്റെ പേരിൽ വിശ്വാസികൾ വാങ്ങിയത്. പൂജാപുഷ്പങ്ങൾ ഉൾപ്പെടെ എല്ലാം ഈ മണ്ണിൽ വിളയിക്കാനാണ് പദ്ധതിയെന്ന് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് വി.കണ്ണൻ പെരിയയും സെക്രട്ടറി എം.ബാലകൃഷ്ണനും മുൻ പ്രസിഡന്റ് കെ.വി.സുരേഷ് ബാബുവും പറഞ്ഞു.

വിവിധ പ്രാദേശികസമിതികളും പദ്ധതിയുടെ വിജയത്തിനായി കൈകോർത്തു. രണ്ടുവർഷമായി കൃഷിയിറക്കാതിരുന്ന വയലിൽ ഇത്തവണ ക്ഷേത്രക്കമ്മിറ്റി രണ്ടാംവിള നെൽകൃഷിയുമിറക്കി. നാട്ടിപ്പാട്ടിന്റെ താളത്തിൽ നാടൊന്നിച്ചപ്പോൾ ഒറ്റദിവസംകൊണ്ടാണ് നടീൽ പൂർത്തിയായത്.

ഉത്സവത്തിനുമാത്രം കൂടേണ്ട സ്ഥലമല്ല ക്ഷേത്രങ്ങളെന്നും അത് നിത്യജീവിതത്തിന്റെ ഭാഗമായി മാറേണ്ടിടമാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് കൃഷി തുടങ്ങാൻ തീരുമാനിച്ചതെന്ന് മാതൃസമിതി പ്രസിഡന്റ് യശോദ, സെക്രട്ടറി തങ്കമണി, ഭജനസമിതി പ്രസിഡന്റ് ഗോവിന്ദൻ കരുണാലയം, സെക്രട്ടറി കെ.എം.അനിൽ എന്നിവർ പറഞ്ഞു.