- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ പതിനാറുകാരിയെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിയെയും അച്ഛനുേയും ഉപദ്രവിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഒന്നാം പ്രതി പുതുക്കാട് കുറ്റിക്കാട് പെരിയാടൻ വീട്ടിൽ ജോയ് ജേക്കബ് (53), മൂന്നാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനു സമീപം ഇലഞ്ഞിക്കൽ വീട്ടിൽ സിജോ ആന്റോ (43), നാലാം പ്രതി വെസ്റ്റ് ചാലക്കുടി ഓടത്തുവീട്ടിൽ സുരേഷ് (53) എന്നിവരെയാണ് എറണാകുളം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ക്രിസ്പിൻ സാമും സംഘവും അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതികളിൽ ജോയിയെ വയനാട്ടിൽനിന്നും സുരേഷിനെയും സിജോയെയും കൊച്ചിയിൽനിന്നുമാണ് പിടികൂടിയത്. ജോയിയെ വ്യാഴാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇനിയും രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. പുൽപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ജോയി. രണ്ടു ദിവസമായി തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
പ്രതികൾ തമ്മിൽ മുൻപരിചയമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതിക്രമത്തിൽ രണ്ടു പേർക്ക് കൂടി പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. ഇവരുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലാണ് പിതാവിനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്കു നേരേ അതിക്രമമുണ്ടായത്.
തൃശ്ശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. ഒന്നാം പ്രതി ജോയിയാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത പിതാവിനെ മറ്റു പ്രതികൾ ചേർന്ന് തടയുകയും തള്ളിമാറ്റുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.